
കൊച്ചി: ഹയർ സെക്കൻഡറിയിൽ പിൻവാതിലിലൂടെ ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരാക്കിയ നിയമനം പിൻവലിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. യോഗ്യരായ ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകരെ പോലും പ്രിൻസിപ്പൽമാരാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് എച്ച്.എമ്മുമാരെ നിയമിച്ചതെന്ന് സംഘടനകൾ ആരോപിച്ചു. ഹയർ സെക്കൻഡറിയിൽ 2001ലാണ് സ്‌പെഷൽ റൂൾ നിലവിൽ വന്നത്. പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ 12 വർഷ സേവന കാലമായിരുന്നു യോഗ്യത. ഇക്കാലയളവിൽ 12 വർഷം പൂർത്തിയാക്കിയ ഹയർ സെക്കൻഡറി അദ്ധ്യാപകർ ഇല്ലാതിരുന്നതിനാൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് എച്ച്.എസ്.എസ്.ടിമാരിൽ നിന്നും ഹെഡ്മാസ്റ്റർമാരിൽ നിന്നും 2 :1 എന്ന അനുപാതത്തിൽ നിയമിക്കാൻ വ്യവസ്ഥ ചെയ്തു. പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ചപ്പോൾ അധിക അദ്ധ്യാപക നിയമനം നടത്താൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്.
സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ പ്രേരിതമായി ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ യോഗ്യരല്ലാത്ത ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പലായി മാറിയിട്ടുണ്ട്. ഇതിനെക്കുറിച്ച് സർക്കാർതലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
പിൻവാതിലുടെ എച്ച്.എമ്മുമാരെ പ്രിൻസിപ്പൽമാരാക്കിയ നിയമനങ്ങൾ പിൻവലിക്കണം. യോഗ്യതയുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകരെ പ്രിൻസിപ്പൽ തസ്തികയിൽ നിയമിക്കണം
എസ്. മനോജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ