ആലുവ: ഡി.വൈ.എഫ്.ഐ കീഴ്മാട് മേഖലാ സമ്മേളന ഹാളിൽ സി.പി.എം ഫ്രാക്ഷനിൽ അംഗങ്ങൾ തമ്മിൽ തർക്കം. ഇതേതുടർന്ന് മേഖലാ വൈസ് പ്രസിഡന്റായിരുന്നയാൾ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി.

ഇന്നലെ നാലാംമൈൽ സഹകരണ ബാങ്ക് ഹാളിലായിരുന്നു സമ്മേളനം. സമ്മേളനത്തിനൊടുവിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. നേരത്തെ സി.പി.എം കുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റ് ടി.എ. അജ്മലിനെ ഒഴിവാക്കിയുള്ള നിർദ്ദേശമാണ് ലോക്കൽ സെക്രട്ടറി കെ.എ. രമേശ് അവതരിപ്പിച്ചത്. ഇതിനെ അജ്മൽ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ചിലർ പിന്തുണക്കുകയും ചെയ്തു. ചിലരെ പുതിയതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെയും അജ്മൽ എതിർത്തു. തർക്കം വ്യക്തിപരമായ ആരോപണങ്ങളിലേക്കും തിരിഞ്ഞു. പാർട്ടി തീരുമാനമെന്ന നിലയിൽ അടിച്ചേൽപ്പിച്ചതിനെ തുടർന്നാണ് അജ്മൽ ഇറങ്ങിപ്പോയത്.

വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ആർ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.യു. പ്രണവ് (പ്രസിഡന്റ്), ഹരിശ്രീ ചന്ദ്രൻ (സെക്രട്ടറി) , ആസിഫ് മോസ്കോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.