
കൊച്ചി: വായിച്ചുവളരാൻ വമ്പൻ ലൈബ്രറിയും പഠനഗവേഷണ കേന്ദ്രവുമൊരുക്കി എറണാകുളം ഡി.സി.സിയുടെ പുതിയ മാതൃക. മുഹമ്മദ് ഷിയാസ് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റശേഷം പങ്കെടുത്ത പാർട്ടി പരിപാടികളിൽ ഷാളിനും ബൊക്കെയ്ക്കും പകരമായി സ്വീകരിച്ച 4000 പുസ്തകങ്ങളാണ് വിശാലമായൊരു ലൈബ്രറി എന്ന ആശയത്തിന് വഴിമരുന്നായത്. അതോടൊപ്പം 10 ലക്ഷംരൂപ സമാഹരിച്ച് വിലയ്ക്കു വാങ്ങിയതും സംഭാവനകളുമുൾപ്പെടെ 25000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. പാർട്ടി പ്രവർത്തകർ, പാർട്ടി ഘടകങ്ങൾ, നേതാക്കൾ, പോഷക സംഘടനകൾ എന്നിവർ ചേർന്ന് ആയിരക്കണക്കിന് പുസ്തകങ്ങളും സമ്മാനിച്ചു. ജില്ലയിലെ സാമൂഹ്യ, സാംസ്‌കാരിക, പരിസ്ഥിതി സംഘടനകളും പ്രവർത്തകരും മാദ്ധ്യമ സ്ഥാപനങ്ങളും പാർട്ടിക്ക് പുറത്തുനിന്ന് പിന്തുണച്ചു. ഡി.സി.സി ആസ്ഥാന മന്ദിരത്തിന്റെ മൂന്നാം നിലയിൽ 2600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആരംഭിച്ച ലൈബ്രറിയും 'സബർമതി' പഠന ഗവേഷണകേന്ദ്രവും പ്രശസ്ത കഥാകാരൻ ടി. പത്മനാഭൻ ഇന്നലെ ഉദ്ഘാടനം ചെയ്തു.
റഫറൻസ് ഗ്രന്ഥങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, കഥ, നോവൽ, കവിത,ചരിത്രം തുടങ്ങി എല്ലാ പ്രമുഖ പ്രസാധകരുടെയും പ്രധാന പുസ്തകങ്ങൾ ഇവിടെയുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആർക്കും ലൈബ്രറിയിൽ അംഗത്വമെടുക്കാം. ആജീവനാന്ത അംഗത്വ ഫീസ് 2,500 രൂപയും ഒരു വർഷത്തേക്ക് 1000 രൂപയുമാണ്.
പുതുതലമുറയെ വായനയിലേക്ക് മടക്കി കൊണ്ടുവരിക എന്ന വിശാല ലക്ഷ്യത്തോടെയാണ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും ഒരുക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോൺഗ്രസിന്റെ നയരൂപീകരണത്തിലെ പാളിച്ചകൾ കൂടി ചർച്ച ചെയ്ത് ആത്മവിമർശനം നടത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഓൺലൈൻ വായനയ്ക്കുള്ള സൗകര്യവും ഇവിടെ ഒരുക്കും. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന ഏതൊരാൾക്കും കടന്നുവരാനും ആശയങ്ങൾ പങ്ക് വെയ്ക്കാനുമുള്ള വേദികൂടിയാണ് സബർമതി. വിവിധ മേഖലകളിലെ പ്രശസ്തരെയും എഴുത്തുകാരെയും സാമൂഹ്യ, സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ചകൾ ആശയ സംവാദങ്ങൾ, പുസ്തക പ്രകാശനം, പുസ്തക ചർച്ചകൾക്കുമെല്ലാം ഇവിടെ വേദിയൊരുക്കും.
ആജീവനാന്ത അംഗത്വ ഫീസ് :2,500 രൂപ
ഒരു വർഷത്തേക്ക് :1000 രൂപ
ഒരു വർഷത്തിനകം 80,000 പുസ്തകങ്ങൾ അടങ്ങുന്ന സമ്പൂർണ ലൈബ്രറിയും പഠനഗവേഷണകേന്ദ്രവുമാക്കി ഉയർത്തുകയാണ് ലക്ഷ്യം
മുഹമ്മദ് ഷിയാസ്
എറണാകുളത്തിന്റെ മാതൃകയിൽ മറ്റ് ഡി.സി.സി കളിലും ഇത്തരം ലൈബ്രറികൾ ആരംഭിക്കും.
വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്