കൊച്ചി: പരസ്പര സമ്പർക്കത്തിലൂടെയാണ് സംസ്‌ക്കാരം പരിപുഷ്ടമാവുന്നതെന്ന് പ്രൊഫ. എം.കെ. സാനു മാസ്റ്റർ പറഞ്ഞു. എറണാകുളത്ത് നടന്ന 'സംസ്‌ക്കാര സമന്വയം ' സായാഹ്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്‌കാരം ലോകത്തിന് പലതും സംഭാവന ചെയ്തു. ലോക സംസ്‌കാരങ്ങളിൽ നിന്ന് ഇന്ത്യ പലതും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്‌കാരങ്ങളുടെ പരസ്പര ബന്ധത്തിൽ നിന്നാണ് ഓരോ രാജ്യത്തിന്റെയും അഭിരുചിയും നവീനതയും വികാസവും സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൗഖ്യഗ്രാമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ കെ.എൽ.മോഹനവർമ്മ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ യുവകഥാകൃത്ത് രജ്ജിത്ത് എസ്. ഭദ്രൻ രചിച്ച ' സിന്ദൂരി' അവിസ്മരണീയമായ ഒരു പ്രേമകഥയുടെ പ്രകാശനവും സാനുമാസ്റ്റർ നിർവഹിച്ചു. ചലച്ചിത്ര നിർമ്മാതാവ് ശശി അയ്യഞ്ചിറ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി.എം. വാസുദേവൻ, ഡോ. ജഗ്ഗു സ്വാമി, സിജി രാജഗോപാൽ എന്നിവർ പങ്കെടുത്തു.