തൃക്കാക്കര: തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പൈനാപ്പിൾ ചിഹ്നത്തിൽ ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് യുണൈറ്റഡ് കേരള സമിതി തുടക്കം കുറിച്ചു. സമാന ചിന്താഗതിക്കാരായ ട്വന്റി 20, വി4 കൊച്ചി, ഒ.ഐ.ഒ.പി, ജനപക്ഷം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ കൂട്ടായ്മകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് എല്ലാവർക്കും സമ്മതനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം.

പി.ടി.തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുക പതിവിന് വിരുദ്ധമായി സംസ്ഥാന നേതാക്കളാണ്. യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണെങ്കിലും എൽ.ഡി.എഫും എൻ.ഡി.എയും മുൻകൂട്ടി അണിയറ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി തുടക്കം മുതലേ ഉയർന്ന് കേൾക്കുന്ന പേര് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റേതാണ്. മത്സരിക്കാൻ തയ്യാറാണെന്ന് ഉമാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കുന്നത്തുനാട് മുൻ എം.എൽ.എ വി.പി.സജീന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ട്.
പി.ടിക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഡോ.ജെ.ജേക്കബ്, സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി ഉദയകുമാർ, ഡി.വൈ.എഫ്.ഐ നേതാവ് പ്രിൻസി കുര്യക്കോസ് തുടങ്ങിയവരാണ് എൽ.ഡി.എഫിന്റെ ഉൗഹാപോഹങ്ങളിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി എസ്.സജി, സംസ്ഥാന സമിതി അംഗം സി.വി സജിനി, സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ എന്നീ പേരുകളും ചർച്ചകളിലുണ്ട്.