
കൊച്ചി: ഐ.എം.എ കൊച്ചി വനിതാവിഭാഗത്തിന്റെ വിമൻസ് കാൻസർ കൺട്രോൾ ഇനിഷ്യേറ്റീവിന്റെ ഭാഗമായി തയ്യാറാക്കിയ കാൻസർ അവബോധ ഹ്രസ്വചിത്രം ലുലുമാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു.
സ്തനാർബുദം, സെർവിക്കൽ, ഗർഭാശയ, അണ്ഡാശയ കാൻസറുകളെ പ്രാരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് സീനിയർ കൺസൾട്ടന്റും ബ്രെസ്റ്റ് ആൻഡ് ഗൈനക് ഓങ്കോ സർജനുമായ ഡോ. മിഷേൽ എലൻ ആന്റണി 4 ഭാഗമായി തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ അവസാന രണ്ട് ഭാഗങ്ങളാണ് പ്രകാശനം ചെയ്തത്.
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയാണെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.മരിയ വർഗീസ് പറഞ്ഞു. കാൻസർ ചികിത്സ രംഗത്തെ പ്രമുഖയായ ഡോ.മിഷേൽ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിം കാൻസറിനെക്കുറിച്ച് സമൂഹത്തിൽ പരമാവധി അവബോധം സൃഷ്ടിക്കാൻ സഹായകരമാണെന്ന് ഡബ്ല്യു.ഡി.ഡബ്ല്യു(വുമൺ ഡോക്ടേഴ്‌സ് വിംഗ്) ചെയർപേഴ്‌സൺ ഡോ സി.ജി.ബിന്ദു പറഞ്ഞു.
ചടങ്ങിൽ ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ.അനിത തിലകൻ, ഡബ്ല്യു.ഡി.ഡബ്ല്യു സെക്രട്ടറി ഡോ അനുപമ റിജോ, ഡോ.റാണി പ്രസാദ് ,ഡോ ഷീജ ശ്രീനിവാസൻ, ഡോ. സുചിത്രാ ഭട്ട്, ടീന ജോയ്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ട്രിനിറ്റി 4 സി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി രാകേഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു. കാൻസർ രോഗമുക്തി നേടിയവരുടെ കൂട്ടായ്മയിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.