dean

കാലടി /മാങ്കുളം : ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി ആനക്കുളം പെരുമ്പൻ വെള്ളച്ചാട്ടത്തിൽ വീണയാൾ മരിച്ചു. കാഞ്ഞൂർ പാറപ്പുറം എവർഗ്രീൻ ക്ലബ് സ്വദേശി പരേതനായ വെളുത്തേപ്പിള്ളി ദേവസിക്കുട്ടിയുടെ മകൻ ജോഷി (49) ആണ് മരിച്ചത്. കാലടിയിൽ ആയു‌ർവേദക്കടയിലെ ജീവനക്കാരനായ ജോഷി ഒമ്പതംഗ സംഘത്തിനൊപ്പമാണ് മാങ്കുളത്തെത്തിയത്.

ശനിയാഴ്ച രാവിലെയാണ് ഇവർ പാറപ്പുറത്ത് നിന്ന് മാങ്കുളത്തിന് വിനോദയാത്ര പോയത്. കല്ലാറിൽ മുറിയെടുത്ത് താമസിച്ച ശേഷം ഇന്നലെ രാവിലെ 11-ാടെ ആനക്കുളത്തെത്തി. ജോഷിക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. ഫോട്ടോ എടുക്കുന്നതിനിടെ ജോഷി വെള്ളത്തിൽ വീഴുന്നത് കണ്ട് സഹയാത്രികർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കും ആഴവും ജോഷിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് തടസമായി. നാട്ടുകാരും അടിമാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ്, പൊലീസ് സംഘങ്ങളും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാഞ്ഞൂർ പാറപ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഇന്ന് മൂന്നുമണിക്ക് സംസ്കരിക്കും.

മാതാവ്: ഏല്യാക്കുട്ടി. ഭാര്യ : ബീന (ഐസ്ക്രീം ഫാക്ടറി ജീവനക്കാരി ). മക്കൾ: അഭിനവ്, നവീൻ (വൈദിക വിദ്യാർത്ഥി, വയനാട്).