 
മൂവാറ്റുപുഴ: ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം വരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ അലങ്കാരഗോപുരം സമർപ്പിച്ച ശേഷം മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ കേരളത്തിൽ ഇപ്പോഴും പഴയ ആചാരങ്ങൾ നിലനിൽക്കുന്നു. പിന്നാക്ക വിഭാഗങ്ങൾക്കും അധ:സ്ഥിതർക്കും ഇനിയും ക്ഷേത്രാരാധനയ്ക്ക് പൂർണ്ണസ്വാതന്ത്ര്യം കിട്ടിയിട്ടില്ല. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരെ ശാന്തിമാരായി നിയമിച്ചെങ്കിലും ഇവരോട് പായസം വച്ചാൽ മതിയെന്നു പറയുന്ന നീതികേടാണ് നടക്കുന്നത്.
ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഷർട്ടൂരിക്കുന്ന സംസ്‌കാരം ചില തട്ടിപ്പു തന്ത്രികൾ കൊണ്ടുവന്നതാണ്. ആത്മീയ കേന്ദ്രങ്ങൾ സാമൂഹ്യക്ഷേമ കേന്ദ്രങ്ങളാകണം. ഭഗവാന് പണം ആവശ്യമില്ല. ഭഗവാന്റെ പേരിൽ വരുന്ന പണം ഭക്തരുടെ വിശപ്പ് ശമിപ്പിക്കാൻ വിനിയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര നടപ്പന്തൽ സമർപ്പണം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തിരുനട സമർപ്പണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും നിർവഹിച്ചു.
അനീതിയും അസമത്വവും ഇല്ലാത്ത സമൂഹം സൃഷ്ടിക്കാൻ ഗുരുദേവ ദർശനം വഴികാട്ടിയാകണമെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. സമത്വാധിഷ്ഠിതമായ സമൂഹമായി മലയാള നാടിനെ മാറ്റിയെടുത്ത് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, വാർഡ് കൗൺസിലർ ജിനു ആന്റണി, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശ് , യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി. അനിൽ, ടി.വി. മോഹനൻ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, ക്ഷേത്രസ്ഥപതി കെ.കെ. ശിവൻ ആചാരി, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിനി എം.എസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, പി.ടി.എ പ്രസിഡന്റ് സജീവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.കെ. ശ്രീനിവാസൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത് എന്നിവർ പങ്കെടുത്തു. ഗോപുരശില്പി സുമേഷ് കുമാറിനെ ആദരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാന്റെ മകൾ തീർത്ഥ തമ്പാൻ വരച്ച ചിത്രം മന്ത്രി രാധാകൃഷ്ണന് ചടങ്ങിൽ സമ്മാനിച്ചു.