highcourt

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ.ബി. രാമൻപിള്ളയ്ക്കുമെതിരെ മൊഴിനൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി സായ്ശങ്കർ നൽകിയ ഹർജിയിൽ മുൻകൂർ നോട്ടീസ് നൽകാതെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

ചില ദൃശ്യങ്ങൾ ദിലീപിന്റെ ഫോണിൽ കണ്ടെന്നും ദിലീപിന്റെയും രാമൻപിള്ളയുടേയും നിർദ്ദേശപ്രകാരം ഇവ നശിപ്പിച്ചെന്നും മൊഴി നൽകാനായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും മേലുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി സുദർശനനും പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. ജസ്റ്റിസ് അനു ശിവരാമൻ ഹർജി 21ലേക്ക് മാറ്റി.

സൈബർ ഫോറൻസിക് വിദഗ്ദ്ധനും എം.ബി.എ ബിരുദധാരിയുമായ ഹർജിക്കാരൻ ബൈജു പൗലോസിന് മുമ്പ് പല കേസുകളിലും ഉപദേശങ്ങൾ നൽകിയിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹമോചനത്തിന് കാരണമായ സൈബർ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് ബൈജു പൗലോസിന് തന്നോട് പകയായെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഈ കേസുകളിൽ രാമൻപിള്ളയുടെ ഓഫീസിൽനിന്നാണ് അഭിഭാഷകർ ഹാജരായത്. പണംതട്ടിയെടുക്കാൻ ശ്രമിച്ചെന്ന കള്ളക്കേസിൽ 2015ൽ തന്നെ അറസ്റ്റുചെയ്തു. ജയിലിലായിരിക്കെ സംഭവത്തിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ജാമ്യത്തിലിറങ്ങി മാനസികരോഗത്തിന് ചികിത്സ തേടിയെന്നും മറ്റൊരു വിവാഹം കഴിച്ചെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

രാമൻപിള്ളയുടെ ഓഫീസിൽ വച്ച് ദിലീപിനെ കണ്ടിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് ഒരിക്കൽ ഫോട്ടോകൾ പെൻഡ്രൈവിലാക്കി നൽകിയിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് കുറ്റസമ്മതമൊഴിക്ക് നിർബന്ധിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.