കൊച്ചി: നഗരത്തിലെ നടപ്പാതകളിൽ കാഴ്ചപരിമിതിയുള്ളവരെ കാത്തിരിക്കുന്നത് ദുരന്തങ്ങൾ. ടെലിഫോൺ, ഇലക്ട്രിക് പോസ്റ്റുകൾ മുതൽ മരക്കുറ്റിവരെ ഫുട്പാത്തുകളിൽ അന്ധർക്കായി വിരിച്ച പ്രത്യേക മഞ്ഞടൈലുകളുടെ നടുക്കുണ്ട്.

നല്ല കാഴ്ചയുള്ളവർക്കുപോലും നേരെചൊവ്വേ നടക്കാനാവില്ല. പ്രത്യേക ഡിസൈനും മഞ്ഞ നിറവുമുള്ള ടൈലുകളിലൂടെ കാഴ്ചവൈകല്യമുള്ളവർക്ക് സധൈര്യം നടക്കാമെന്നാണ് വയ്പ്. ലോകമെമ്പാടും ഇത്തരം സംവിധാനമുണ്ട്.

തപ്പിത്തടഞ്ഞ് വരുന്നവർക്ക് എറണാകുളം നഗരത്തിൽ 10 മീറ്റർ ദൂരം പോലും തടസമില്ലാതെ നടക്കാനാവില്ലെന്നതാണ് യാഥാർത്ഥ്യം. ആകെയുള്ള നടപ്പാതയുടെ നല്ലൊരുപങ്കും കച്ചവടക്കാരുടെ കൈവശമാണ്. ബാക്കിയുള്ളതിൽ പകുതിയിലേറെ ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യും. അവശേഷിക്കുന്ന ഭാഗങ്ങളിൽ പോസ്റ്റും കേബിളുമൊക്കെയായി നിരവധി തടസങ്ങളുമുണ്ട്.

എം.ജി. റോഡിലും ഇടപ്പള്ളി റോഡിലും കെ.എം.ആർ.എൽ ആണ് നടപ്പാത നിർമ്മിച്ചത്. നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലെ നിർമ്മാണം കൊച്ചി സ്മാർട്ട് സിറ്റിമിഷൻ ലിമിറ്റ‌ഡ് വകയാണ്. ഉണങ്ങിയ മരക്കുറ്റിപോലും പിഴുതുമാറ്റാതെ തറയോട് പാകിയ സ്ഥലങ്ങളും നഗരത്തിലുണ്ട്.

ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾക്ക് പുറമെ ചിലയിടത്ത് ബി.എസ്.എൻ.എൽ സെക്‌ഷൻ ബോക്സുകളും അഴിച്ചിട്ട കേബിളുകളും നടപ്പാതയ്ക്ക് നടുവിലുണ്ട്. ഇതിനെല്ലാം പുറമെ കടകളുടെ പരസ്യബോർഡുകളും വില്ലനാകുന്നു. അംഗപരിമിതർക്ക് വീൽചെയറിൽ സഞ്ചരിക്കാനാകാത്ത വിധമാണ് നടപ്പാത നിർമ്മിച്ചതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

ടാക്ടൈൽ

വികസിത രാജ്യങ്ങളിലെ ന‌ടപ്പാതകളിൽ അന്ധരുടെ സുഖസഞ്ചാരത്തിന് വിരിക്കുന്ന പ്രത്യേകതരം ടൈലുകൾ. മഞ്ഞ നിറത്തിൽ പ്രത്യേക ഡിസൈനിലാണ് ഇവ വിരിക്കുക. അന്ധരുടെ കൈയിലെ കെയ്‌നൻ കൊണ്ട് മുട്ടി നോക്കുമ്പോൾ ടൈലിലെ മുഴകളുടെ രീതിയും ടൈലുകളുടെ എണ്ണവും മറ്റും മനസിലാക്കി സന്ദേശങ്ങൾ തിരിച്ചറിയാം.

''പ്രധാനറോഡുകളുടെ നടപ്പാതയിൽ ഉണ്ടായിരുന്ന തടസങ്ങൾ എല്ലാം നീക്കി. ഉപറോഡുകളിലെ ടാക്ടൈലിൽ ഉൾപ്പെടെ പോസ്റ്റുകളെോ മറ്റ് തടസങ്ങളൊ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അഥവ അത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കും""

ഷാനാവാസ്,​ സി.ഇ.ഒ., സി.എസ്.എം.എൽ