1

പള്ളുരുത്തി: കായൽ വേലിയേറ്റം തടയാൻ ഇടക്കൊച്ചിയിൽ സ്ലൂയിസ് നിർമ്മാണം പൂർത്തിയാകുന്നു. 16-ാം ഡിവിഷനിൽ കൊച്ചി നഗരസഭ പ്ലാൻ ഫണ്ടിൽനിന്ന് 12 ലക്ഷത്തോളം രൂപ മുടക്കിയാണ് മൂന്ന് സ്ലൂയിസുകളുടെ നിർമ്മാണം.

രൂക്ഷമായ വേലിയേറ്റം അനുഭവപ്പെട്ട ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡ് അറ്റം, കൊളംബസ് റോഡ്, കുട്ടികൃഷ്ണൻ വൈദ്യർ റോഡ് എന്നിവിടങ്ങളിലാണ് സ്ലൂയിസ്. കായലിൽ നിന്ന് കൂടുതൽ വെള്ളംകയറുന്ന കനാലുകൾക്ക് കുറുകെയാണിത്. വേലിയേറ്റമുണ്ടായാൽ പ്രദേശത്തുള്ളവർക്ക് തന്നെ എളുപ്പം പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് നിർമ്മാണം.

കാതറിൻ കോൺവെന്റിന് സമീപം രണ്ട് സ്ലൂയിസുകൾ നിർമ്മിക്കാൻ മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് 19 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2018ൽ ഇതിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയിരുന്നു. കരാറുകാരൻ ജോലി പൂർത്തിയാക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്. ഈ സ്ലൂയിസൂകളുടെ നിർമ്മാണം പൂർത്തിയായാൽ 16-ാം ഡിവിഷനിലെ വേലിയേറ്റത്തിന് ശാശ്വത പരിഹാരമാകുമെന്ന് കൗൺസിലർ അഭിലാഷ് തോപ്പിൽ പറഞ്ഞു.