വൈപ്പിൻ: തിരക്കേറിയ വൈപ്പിൻ- ഫോർട്ടുകൊച്ചി ഫെറിയിൽ നിലവിലെ രണ്ട് റോറോകൾക്കും പുറമേ മൂന്നാമതൊരു റോറോ കൂടി സർവീസിനിറക്കാൻ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചതും വൈപ്പിൻകരയിലെ സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ഗ്രാമീണകായൽ ടൂറിസം പദ്ധതികൾക്കും മറ്റുമായി 10 കോടി വകയിരുത്തിയതും വൈപ്പിൻകരക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു.
ക്ഷീരവികസനത്തിനായി ആംബുലേറ്ററി ലാബ്, വന്ധ്യതാക്ലിനിക്, ചാണക സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്കായി 1.5 കോടി, സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിടപ്പറമ്പിൽ സ്മാരകത്തിനായി 14 ലക്ഷം, ചെറായിയിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന് നേരത്തെ അനുവദിച്ചതിന് പുറമേ 12 ലക്ഷം എന്നിങ്ങനെ നീക്കി വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം പദ്ധതിക്കായി വകയിരുത്തിയ 356 കോടിയിൽനിന്ന് പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ ചെറായി ബീച്ച്, മുനമ്പം ബീച്ച്, കുഴുപ്പിള്ളി ബീച്ച്, പുതുവൈപ്പ് ബീച്ച് എന്നിവയുടെ വികസനത്തിന് പ്രധാനപ്പെട്ട വിഹിതവും ലഭിക്കും.
ശുദ്ധജലവിതരണം, മലിനജല നിർമ്മാർജനം, മെട്രോ ജലപദ്ധതി തുടങ്ങിയവയും വൈപ്പിന് ഗുണകരമാവും. പുനർഗേഹം പദ്ധതി, സമുദ്രസുരക്ഷ, മത്സ്യത്തൊഴിലാളി അടിസ്ഥാന വികസനം എന്നിവയ്ക്കായി വകയിരുത്തിയ 93.50 കോടിയിൽനിന്ന് സംസ്ഥാനത്തെ പ്രമുഖ മത്സ്യമേഖലയായ വൈപ്പിന് വിഹിതമുണ്ടാകും.