കോതമംഗലം: പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ 2018ലെ പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിവർഷം സ്വദേശീയരും വിദേശീയരുമായ രണ്ടുലക്ഷത്തോളം വിനോദസഞ്ചരികൾ വന്നുപോകുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഭൂതത്താൻകെട്ട്. എന്നാൽ പ്രളയത്തിൽ വലിയതോതിൽ പടവുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ ഇവിടത്തെ ടൂറിസം വികസനത്തിനുകൂടി തടസമായിമാറിയിരിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.