വൈപ്പിൻ: നാടിന്റെ കലയും സംസ്‌കാരവും അടുത്തറിയുക എന്ന പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ 'സർഗ കൈരളി' സമഗ്രശിക്ഷാ കേരളം വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിൽ ചെറായി സഹോദരൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച മുഖാവരണങ്ങളില്ലാതെ കലയുടെ അരങ്ങിൽ ഒരുദിനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് അലക്‌സ് താളുപാടത്ത് നയിച്ച ദാവീദ് ചവിട്ടുനാടകം സർഗകൈരളി വേദിയിൽ മിഴിവേകി. മോഹൻദാസ് തൊടുപുഴയുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും കാവിൽ ഉണ്ണിക്കൃഷ്ണവാര്യരും സംഘവും അവതരിപ്പിച്ച സോപാനസംഗീതവും ജവഹർ ആർട്‌സ് ക്ലബിന്റെ വില്ലടിച്ചാൻപാട്ടും വേറിട്ട അനുഭവമായി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. കെ. മഞ്ജു പദ്ധതി വിശദീകരിച്ചു. വൈപ്പിൻ ബി.പി.സി കെ.എസ്. ദിവ്യരാജ്, ഇ.കെ. ജയൻ, ബിന്ദു തങ്കച്ചൻ, രാധിക സതീ, ഷീല ഗോപി, ക്ലസ്റ്റർ കോ ഓഡിനേറ്റർ ഷബീനബീവി എന്നിവർ പ്രസംഗിച്ചു.