അങ്കമാലി: അങ്കമാലിയെ ഹൈടെക് സിറ്റിയാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക ടൗൺ ഹാൾ, അറവുശാല ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് 57 കോടി രൂപയുടെ ബഡ്ജറ്റ് നഗരസഭ വൈസ് ചെയർപേഴ്‌സൻ റീത്താപോൾ അവതരിപ്പിച്ചു. ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷനായിരുന്നു. 24 കോടി രൂപയാണ് ടൗൺ ഹാൾ നിർമ്മാണത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ എട്ടുകോടിരൂപ തനത് ഫണ്ടിൽനിന്നും ബാക്കി ബാങ്ക് വായ്പയിലൂടെയും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആധുനിക അറവുശാലക്ക് ആറുകോടിയും ആധുനിക വൈദ്യുത
ശ്മശാനത്തിന് 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ഭവനരഹിതരിൽ ഭൂമിയുള്ള എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് 1.50 കോടിരൂപയും പട്ടികജാതി ഭൂരഹിത ഭവനരഹിതർക്കായി ഒരുകോടിരൂപയും ഉൾപ്പെടുത്തി. വയോജനങ്ങൾക്ക് പാർക്ക് നിർമ്മിക്കുന്നതിനായി പത്തുലക്ഷം രൂപയും വകയിരുത്തി.നഗരസഭയുടെ വിവിധ ആവശ്യങ്ങൾക്കായി ഭൂമി വാങ്ങുന്നതിന് പത്ത് കോടി രൂപ നീക്കിവെച്ചു.