കൊച്ചി: ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങൾക്ക് കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമൊരുക്കുന്നതിന് സഹായവുമായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ്. പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പറവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് ഈ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം ഒരുക്കുന്നത്. ഈ സൗകര്യങ്ങൾ മറ്റ് ചികിത്സാ സംവിധാനങ്ങൾക്കും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് സജ്ജമാക്കുന്നത്. പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച 28.12 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ഈ പദ്ധതി ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകും. ദേശീയ ആരോഗ്യദൗത്യം എറണാകുളമാണ് പദ്ധതി നടപ്പിലാക്കുന്നത്.