കൊച്ചി: ഒപ്പിടീച്ചത് മൂന്ന് വൗച്ചറിൽ. ശമ്പളം നൽകിയത് ഒന്നിൽ മാത്രം. താത്കാലിക ജീവനക്കാരനായ ഡ്രൈവറുടെ ശമ്പളത്തിൽ കൈയ്യിട്ടു വാരിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വിജിലൻസ് കേസ്.

ബോർഡിന് കീഴിലെ ഏലൂർ ഉദ്യോഗമണ്ഡൽ എൻവയൺമെന്റൽ സർവെയ്ലൻസ് സെന്ററിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പണം കൈക്കലാക്കിയത്. എൻവയൺമെന്റൽ എൻജിനീയർ തൃദീപ് കുമാർ, അസിസ്റ്റന്റ് സർവെയ്ലൻസ് എൻജിനീയർ എബി വർഗീസ്, ഓഫീസ് അസിസ്റ്റന്റ് ബീത എന്നിവർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സെൻട്രൽ റേഞ്ചാണ് കേസെടുത്തത്. ഇവിടത്തെ താത്കാലിക ഡ്രൈവറായിരുന്ന പി.വി. സുരേഷിന്റെ ഒരുമാസത്തെ ശമ്പളമായ 33,600 രൂപയാണ് മൂവരും ചേർന്ന് കൈക്കലാക്കിയത്. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതോടെ കേസെടുത്തെന്നാണ് വിവരം.

2016ലാണ് കേസിനാസ്പാദമായ സംഭവം. സെന്ററിലെ താത്കാലിക ജീവനക്കാ‌ർക്ക് വൗച്ചറിലാണ് ശമ്പളം നൽകുന്നത്. ഇങ്ങനെയാണ് പി.വി സുരേഷിന് ശമ്പളം നൽകാൻ മൂന്ന് വൗച്ചറുകളിൽ ഒപ്പിടീച്ചത്. ഒന്നിൽ 19,500 രൂപ, മറ്റൊന്നിൽ 18,000 രൂപ, മൂന്നാമത്തെ വൗച്ചറിൽ 15,600 രൂപ എന്നിങ്ങനെയായിരുന്നു തുക. എന്നാൽ ജോലിക്ക് കയറിയ സെപ്തംബറിൽ സുരേഷിനെക്കൊണ്ട് മൂന്ന് വൗച്ചറിൽ ഒപ്പ് വയ്പ്പിക്കുകയും 19,500 രൂപ മാത്രം ശമ്പളം നൽകുകയുമാണ് ഉദ്യോഗസ്ഥ‌ർ ചെയ്തത്. സുരേഷ് ഏലൂ‌ർ പൊലീസിന് നൽകിയ പരാതി വിജിലൻസിന് കൈമാറുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മൂന്ന് ഉദ്യോഗസ്ഥ‌ർക്കെതിരെ വിജിലൻസ് എഫ്.ഐ.ആ‌ർ രജിസ്റ്റ‌ർ ചെയ്തത്.

ഇവർ കൂടുതൽ പേരിൽ നിന്ന് സമാനരീതിയിൽ പണം തട്ടിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിച്ച് വരികയാണ്. സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. കൈക്കൂലിക്കേസിൽ നാണക്കേടിൽ മുങ്ങി നിൽക്കെയാണ് മലിനീകരണ നിയന്ത്രണ ബോ‌ർഡിന് വീണ്ടും കളങ്കമായി ഉദ്യോഗസ്ഥരുടെ തട്ടിപ്പും പുറത്തുവന്നത്.