vanitha-commision

കൊച്ചി: കേരള വനിതാ കമ്മിഷൻ മദ്ധ്യമേഖലാ ഓഫീസ് എറണാകുളത്തു തുറന്നതോടെ പരാതി​ക്കാർക്ക് ഏറെ സൗകര്യപ്രദമായി​. ഉദ്ഘാടന ദി​നമായ തി​ങ്കളാഴ്ച തന്നെ ആദ്യപരാതി​യുമെത്തി​. എറണാകുളം ജി​ല്ലയി​ൽ നി​ന്നുള്ള പരാതി​ ഉദ്ഘാടനവേദി​യായ ടൗൺ​ഹാളി​ൽ വച്ച് ചെയർപേഴ്സണ് കൈമാറുകയായി​രുന്നു.

തിരുവനന്തപുരം പി.എം.ജിയിലെ ആസ്ഥാന ഓഫീസ് ഉൾപ്പെടെ കമ്മിഷന്റെ കേരളത്തിലെ മൂന്നാമത്തെ ഓഫീസാണി​ത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളാണ് അധി​കാരപരി​ധി​.

ഓഫീസിൽ നേരിട്ടെത്തി പരാതിപ്പെടാം. കമ്മി​ഷൻ അംഗം അഡ്വ. ഷിജി ശിവജിക്കാണ് ഓഫീസിന്റെ ചുമതല. ഉദ്യോഗസ്ഥരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. പൂർണതോതി​ൽ പ്രവർത്തി​ക്കാൻ സ്റ്റാഫ് നി​യമനവും പൂർത്തി​യാകണം.

എല്ലാ പരാതികളും തിരുവനന്തപുരത്തുള്ള കമ്മിഷൻ ആസ്ഥാന ഓഫീസിൽ എത്തുന്നതിനു പകരം മേഖലാ ഓഫീസുകളിൽ വച്ച് പ്രശ്‌ന പരിഹാര സംവിധാനം ഉണ്ടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

കമ്മി​ഷന്റെ പരി​ഗണനക്കെത്തുന്ന കേസുകളി​ൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും രണ്ടാമത് കൊല്ലത്തും മൂന്നാമത് എറണാകുളത്തും നാലാമത് കോഴിക്കോട്, മലപ്പുറം എന്നീ ജി​ല്ലകളി​ലാണ്.

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ കേസുകളുടെ എണ്ണം കുറവാണ്. തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്‌സ് ദക്ഷിണ മേഖലാ ഓഫീസായി പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളി​ലാണ് ചുമതല. .

കോഴിക്കോട് ആസ്ഥാനമായ ഉത്തരമേഖലയിൽ പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഉൾപ്പെടും.

എറണാകുളം ഓഫീസ് : കേരള വനിതാ കമ്മിഷൻ, ഒന്നാം നില, യു.പി.എഡി ഓഫീസ് ബിൽഡിംഗ്, നോർത്ത് പരമാര റോഡ്, കൊച്ചി 18. ഫോൺ: 0484 2926019, ഇമെയിൽ: kwcekm@gmail.com.