അങ്കമാലി: പൊതുമരാമത്ത് വകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽപ്പെടുത്തി 98 കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുന്ന മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണത്തിൽ മാതൃകയായി മൂക്കന്നൂർ ഫൊറോനപള്ളി. കരയാമ്പറമ്പ് മുതൽ മുന്നൂർപ്പിള്ളിവരെ ബഹുജനപങ്കാളിത്തത്തോടെ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് റോജി എം. ജോൺ എം.എൽ.എ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. വികാരി ഫാ. ജോസ് പൊള്ളയിൽ ഫൊറോന കൗൺസിൽ യോഗത്തെ അറിയിക്കുകയും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ കൗൺസിൽ ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു.

ഫാ.ജോസ് പൊള്ളയിൽ, സഹവികാരി ഫാ. ജെഫ് കൊഴിവേലിപ്പറമ്പിൽ, പാരിഷ് കൗൺസിൽ വൈസ് ചെയർമാൻ ജോസ് മാടശേരി, ട്രസ്റ്റിമാരായ എം.ഒ. ബിജു, പി.ജെ. ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് വീതികൂട്ടുന്നതിന് പള്ളിയുടെ മതിൽ പൊളിച്ച് സ്ഥലം വിട്ടുനൽകുകയായിരുന്നു. സമീപകാലത്ത് സ്ഥാപിച്ച മൂന്ന് ഗ്രോട്ടോകൾ പൊളിച്ചുമാറ്റിയാണ് സ്ഥലം വിട്ടുനൽകിയത്. ഇതോടൊപ്പം സി.എം.സി സന്യാസിനി സഭയുടെ കീഴിലുള്ള സെന്റ് ജോസഫ്‌സ് കോൺവെന്റിന്റേയും സാന്തോം പബ്ലിക് സ്‌കൂളിന്റേയും മതിൽ പൊളിച്ച് മാറ്റി റോഡ് വികസനത്തിന് ആവശ്യമായ സ്ഥലംവിട്ടുനൽകാൻ തീരുമാനിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ജയ റോസ് സമ്മതപത്രം എം.എൽ.എയ്ക്ക് കൈമാറി. ഈ മാത്യക പിന്തുടർന്ന് നിരവധി വ്യക്തികളും സ്ഥാപനങ്ങളും സ്ഥലം റോഡ് വികസനത്തിനായി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്.