മരട്: വർഷങ്ങളായുള്ള മരട് നഗരസഭയുടെയും മരട് കാർഷിക മൊത്തവ്യാപാര വിപണിയിലെ വ്യാപാരികളുടെയും ഇടയിൽ നിലനിന്നിരുന്ന തർക്കം അവസാനിക്കുന്നു. നഗരസഭയുടെ ലൈസൻസും തൊഴിൽ നികുതിയും അടക്കാൻ തയ്യാറാകാതിരുന്ന വ്യാപാരികൾ ഇന്നലെ നഗരസഭ നടത്തിയ നികുതിപിരിവ് ക്യാമ്പിൽ കുടിശിക അടച്ചു. 140 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മരട് പച്ചക്കറി മാർക്കറ്റിൽ 63 സ്ഥാപന ഉടമകളാണ് കുടിശികയടച്ചത്. ഇന്നലെ മാത്രം ലഭിച്ചത് 12,23,200 രൂപ ലഭിച്ചു. ഇനിയും 77 പേർ അടക്കാനുണ്ട്. ഇന്നലെ വരെ ലൈസൻസ് ഫീ ഇനത്തിൽ 110 കടയുടമകൾ 3,41,600 രൂപയാണ് അടച്ചത്. തൊഴിൽ നികുതി ഇനത്തിൽ വൻ തുകയാണ് നഗരസഭയ്ക്ക് ഇനിയും പിരിഞ്ഞുകിട്ടാനുള്ളത്.

2008ൽ മാർക്കറ്റ് ആരംഭിച്ചെങ്കിലും 2011ലാണ് അസസ്മെന്റ് പൂർത്തിയാക്കി ലൈസൻസ് ഫീ അടയ്ക്കുവാൻ നഗരസഭ നിർദ്ദേശിച്ചത്. വ്യാപാരികൾ നികുതി നൽകാൻ തയ്യാറാകാതെ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2020 നവംബർ മുപ്പതാം തീയതി കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കിയതോടെയാണ് നികുതി കുടിശിക ലഭിച്ചത്.

മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം. മൊഹിയുദ്ദീനിൽ നിന്നും നികുതി സ്വീകരിച്ചുകൊണ്ട് മരട് നഗരസഭ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ ,മിനി ഷാജി, ടി.എം. അബ്ബാസ്, സെക്രട്ടറി ജി. രേണുകാദേവി, സൂപ്രണ്ട് പി.പി. ജൂഡി, റവന്യൂ ഇൻസ്പെക്ടർ എം.ഇ. ഷീജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.