മൂവാറ്റുപുഴ: നഗരത്തിന് വർണവസന്തം സമ്മാനിച്ച് 17 മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ സസ്യപുഷ്പഫല പ്രദർശനം സംഘടിപ്പിക്കും. നഗരസഭ കൗൺസിലിന്റെ സഹകരണത്തോടെ ഡ്രീംസ് എന്റർടെയിൻമെന്റാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഫ്ലവർഷോ സംഘടിപ്പിച്ചിരിക്കുന്നത്. 17ന് വൈകിട്ട് ആറിന് സിനിമാതാരം പ്രിയങ്ക അനൂപ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം മുഖ്യാതിഥിയാകും.

15000 ചതുരശ്ര അടി വിസ്തീർണംവരുന്ന പവലിയനാണ് ഒരുക്കിയിരിക്കുന്നത്. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ ഗാർഡൻ നഴ്സറിയുമുണ്ടാകും. വിവിധയിനം പൂച്ചെടികൾ, ഇറക്കുമതിചെയ്ത തായ്‌വാൻ ഓർക്കിഡ്, ഫെലനോസിസ്, ജർമ്മൻ വെറൈറ്റി കെയിൻ ജറേനിയം, സെല്ലുലോസ് ജർമൻ വെറൈറ്റി ആയ ഗെയിം ജെറേനിയം, ബോൾസായിക് ഡ്രാഫ്റ്റഡ് അഡിനിയം, ഇൻഡോർ ഹാംഗിംഗ് വെറൈറ്റി ഡിസ്ചീഡിയ തുടങ്ങി വിദേശപുഷ്പങ്ങളും ചെടികളും പുതിയ ഇനം ഹൈബ്രിഡ് വെറൈറ്റി നെർവ് പ്ലാന്റ്സ് വിഭാഗത്തിൽപ്പെട്ട ഫിറ്റൂണിയ മിനിച്ചർ ആന്തൂറിയം എന്നിവ പുഷ്പമേളയിൽ ഉണ്ടാകും. നാടൻ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകൾ, മുപ്പതിലേറെ പ്ലാവിനങ്ങൾ, മൂന്നാംവർഷം കായ്ക്കുന്ന വിവിധയിനം തെങ്ങിൻ തൈകൾ, അത്യുത്പാദന ശേഷിയുള്ള പച്ചക്കറിത്തൈകൾ, ടിഷ്യുക്കൾച്ചർ വാഴകൾ, ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവുകൾ തുടങ്ങി നിരവധി ഇനങ്ങളാണ് നഴ്സറിയിൽ ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെടികളുമുണ്ടാകും.

കാർഷിക പൂന്തോട്ട ഉപകരണങ്ങൾ മുഖ്യസവിശേഷതയാണ്. ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപതിലേറെ വാണിജ്യ സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ വില്പനയും പ്രദർശനവുമുണ്ടാകും. എല്ലാദിവസവും കലാവിരുന്നുമുണ്ടാകും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9വരെയാണ് പ്രവേശനം.