bl
കുവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2022 - 23 ലെബഡ്ജറ്റ് പ്രസിഡന്റ് ബേസിൽ പോൾ വൈസ് പ്രസിഡൻറ് മോളി തോമസിസ് നൽകി പ്രകാശനം ചെയ്യുന്നു.

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ 2022 -23 വർഷത്തേക്കുള്ള 44,26,626,45 രൂപ വരവും 44,17,847,90 രൂപ ചെലവും വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മോളി തോമസ് അവതരിപ്പിച്ചു. കാർഷിക ആരോഗ്യമേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. തുക വകയിരുത്തിയ പദ്ധതികൾ: സമഗ്രജാതിക്കൃഷിവികസനത്തിന് ബഡ് ജാതി വിതരണം, ഫലവൃക്ഷതൈകൾ വിതരണം, തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് തെങ്ങിൻതൈ ഉത്പാദിപ്പിച്ച് ഒരുവീടിന് ഒരുതെങ്ങ് പദ്ധതിക്ക് തുക വകയിരുത്തി. ക്ഷീരകർഷകർക്ക് കൈത്താങ്ങായി പാലിന് ഇൻസെന്റീവ്, കാലിത്തീറ്റക്ക് സബ്സിഡി. അങ്കണവാടികൾ ഹൈടെക്കാക്കും. ലാപ്ടോപ്, പ്രൊജക്ടർ, സ്മാർട്ട് ഫർണിച്ചർ എന്നിവയുടെ വിതരണം പൂർത്തിയാക്കും. സാംസ്കാരിക നിലയങ്ങൾ, കോളനി നവീകരണം എന്നിവയ്ക്ക് എസ്.സി മേഖലയിൽ ബഡ്ജറ്റിൽ പ്രാധാന്യം നൽകുന്നു. സാധാരണക്കാർക്ക് ഭൂമി ലഭ്യമാക്കാൻ സ്വപ്നവീടിന് സ്ഥലം എന്ന പദ്ധതിക്ക് തുക വകയിരുത്തി. പാലിയേറ്റീവ് രോഗികൾക്കായി അഡ്ജസ്റ്റബിൾ കോട്ട്, വീൽചെയറുകൾ, എയർ ബെഡ് എന്നിവ നൽകുന്നതിന് പ്രാധാന്യം നൽകുന്നു. തൂങ്ങാലി സി.എസ്.ജിയുടെ നവീകരണ പ്രവർത്തനങ്ങൾക്കും ഫാർമസിയും ലാബും പൂർത്തീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗതമായ കുളങ്ങളും ചിറകളും തോടുകളും നവീകരിക്കുന്നതിന് ബഡ്ജറ്റിൽ തുക വകയിരുത്തി. റോഡ് വികസനത്തിന് പശ്ചാത്തല മേഖലയിൽ 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എൻ.എം.സലിം, അനു അബിഷ്, ടി. ജി. ബാബു, റഹിമ. വി.വി ബ്ലോക്ക് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.