വൈപ്പിൻ: കടൽ അതിരുപങ്കിടുന്ന വൈപ്പിനിൽ എടവനക്കാടോ നായരമ്പലത്തോ മാരിടൈംബോർഡിന്റെ നിർവഹണചുമതലയിൽ ഇൻഡസ്ട്രിയൽ പോർട്ടിന് തുക അനുവദിക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സംസ്ഥാനത്തിന്റെതന്നെ വ്യാപാരമേഖലയെ സജീവമാക്കുന്നതുമാകും പദ്ധതി. മൈനർപോർട്ട് എന്ന നിലയ്ക്കായതിനാൽ സംസ്ഥാന സർക്കാരിനുതന്നെ പദ്ധതി വിജ്ഞാപനം ചെയ്യാനാകും. നിയമസഭയിൽ പൊതുചർച്ചയിൽ സംസ്ഥാന ബഡ്ജറ്റിനെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.
കൊച്ചി പെട്രോ കോംപ്ലക്‌സ് പൂർത്തീകരണം ത്വരിതഗതിയിലാക്കുകയും അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിന് എല്ലാ സാദ്ധ്യതകളും ഉപയോഗിക്കുകയുംവേണം. പ്രകൃതിവാതകം അധിഷ്ഠിതമായ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ഊന്നൽ നൽകണം. പദ്ധതിപ്രദേശത്ത് സൗജന്യമായി പ്രകൃതിവാതക കണക്ഷൻ നൽകുന്നത് ഗൗരവത്തോടെ പരിഗണിക്കണം. അതിനാവശ്യമായ സമ്മർദ്ദം സർക്കാർ ചെലുത്തണം. എൽ.എൻ.ജിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചായാലും പ്രദേശവാസികൾക്ക് സൗജന്യം നൽകാൻ ഇടപെടലുണ്ടാകണം.
.മത്സ്യസമ്പത്തിന്റെ മൂല്യവർദ്ധിത ഉത്പന്ന വ്യവസായത്തിന്, മൂല്യവർദ്ധിത കാർഷികോത്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. വൈപ്പിൻ ഉൾപ്പെടെ തീരദേശ മണ്ഡലങ്ങളിലെ പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ അത് വൻതോതിൽ ഉണർവ്വും വരുമാന വർദ്ധനവും സൃഷ്ടിക്കും. വ്യവസായ വകുപ്പിന് കീഴിൽ നിർദ്ദേശിക്കപ്പെട്ട പത്ത് മത്സ്യസംസ്‌കരണ യൂണിറ്റുകളിൽ ഒന്ന് വൈപ്പിനിൽ സ്ഥാപിക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.
അഞ്ചുകോടി രൂപ മുതൽമുടക്കിൽ മത്സ്യവകുപ്പ് എളങ്കുന്നപ്പുഴയിൽ ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ സ്ഥാപിക്കാൻ തീരുമാനിച്ച മത്സ്യസംസ്‌കരണ പദ്ധതിയുടെ നടപടിക്രമങ്ങൾ ഊർജ്ജിതമാക്കണം. അൻപതുകോടി രൂപയുടെ മുനമ്പം ഫുഡ്പാർക്ക് കാലതാമസം കൂടാതെ നടപ്പാക്കാണം. കിഫ്ബി പദ്ധതിയായ 2600കോടി രൂപയുടെ തീരദേശറോഡ് സമയബന്ധിതമായി പൂർത്തിയാക്കണം. അഴിമുഖമാണെന്നതിനാൽ ഫോർട്ട്‌കൊച്ചിയിൽനിന്ന് വൈപ്പിനിലേക്ക് തീരദേശറോഡിന്റെ ഭാഗമായി പാലം നിർമ്മിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ളപോലെ കടലിനടിയിലൂടെറോഡ് നിർമ്മിക്കുന്നത് പരിഗണിക്കണം. തീരദേശറോഡും മുനമ്പം അഴീക്കോട് പാലവും പൂർത്തിയാവുകയും വല്ലാർപാടം ഐ.സി.ടി.ടി സജീവമാകുകയും ചെയ്യുമ്പോൾ ഗതാഗതത്തിരക്ക് അതിരൂക്ഷമാകും. യാത്രാക്ലേശം കടുത്തതാകും. അതുകൊണ്ട് അനിവാര്യമായ സമാന്തര പാലങ്ങൾക്ക് തുക വകയിരുത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.