amal

ആലുവ: ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. മുപ്പത്തടം പാലറഭാഗം മാതേലിപറമ്പ് വീട്ടിൽ അമൽബാബുവിനെയാണ് (25) ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, കവർച്ചാശ്രമം, മയക്കുമരുന്നുകേസ്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി ബിനാനിപുരം, ആലുവ പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജനുവരിയിൽ ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും കവർച്ചക്കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി അറസ്റ്റുചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 40 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. 31 പേരെ നാടുകടത്തി.