വൈപ്പിൻ: ഇറച്ചിക്കോഴിവില രണ്ടുമാസം മുമ്പുണ്ടായിരുന്ന 98 രൂപയിൽനിന്ന് 164ൽ എത്തി. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു വില. എക്കാലത്തെയും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. വില കൂടുന്നതനുസരിച്ച് വില്പനയിൽ ഇടിവ് വരുന്നതായി കച്ചവടക്കാർ പറയുന്നു.
97 രൂപയുണ്ടായിരുന്ന കോഴി ഉത്പാദന ചെലവ് ഇപ്പോൾ 103 രൂപവരെ എത്തി. ഇത് കേരളത്തിലെ ചെറുകിട കർഷകരെ കോഴി വളർത്തലിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച പ്രധാനഘടകമാണ്. കിലോയ്ക്ക് 30- 35 രൂപ വിലയുണ്ടായിരുന്ന സോയ പിണ്ണാക്കിന് 75 രൂപ വരെയായി. വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അമിനോ ആസിഡുകൾക്കും വില കുത്തനെകൂടി. ഇതുവരെ 200 രൂപയ്ക്ക് ഒരു കോഴിയെ കിട്ടുമായിരുന്നിടത്ത് ഇപ്പോൾ ഇരട്ടി മുടക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കോഴിയെ വാങ്ങിയിരുന്നവർ ഉപയോഗം ഞായറാഴ്ച മാത്രമാക്കിയെന്നും വില്പന പകുതിയായി കുറഞ്ഞുവെന്നും മാർക്കറ്റിലെ കോഴി വ്യാപരിയായ നൗഫൽ പറഞ്ഞു. ഹോട്ടലുകളിലെ കോഴിവിഭവങ്ങളുടെ വില്പനയും നേർപകുതിയായി.
വില ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാർ
തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കോഴിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്നും കേരള ചിക്കന് നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ മുഴുവൻ കോഴികർഷകർക്കും അനുവദിച്ച് വില നിയന്ത്രിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും കേരള പൗൾട്രിഫാം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.