
കൊച്ചി: നടൻ ദുൽഖർ സൽമാന്റെ സിനിമകൾക്ക് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് വിലക്കേർപ്പെടുത്തി. തിയേറ്ററിൽ പ്രദർശിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ദുൽഖർ നായകനും നിർമ്മാതാവുമായ സല്യൂട്ട് സിനിമ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി.
ദുൽഖർ അഭിനയിച്ചതോ നിർമ്മിച്ചതോ വിതരണം ചെയ്യുന്നതോ ആയ ഏതു ഭാഷയിലെയും സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നാണ് ഫിയോക് നിർവാഹക സമിതിയുടെ തീരുമാനം.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ക്രൈംത്രില്ലറായ സല്യൂട്ട് കഴിഞ്ഞ ജനുവരി 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഡിസംബറിൽ കരാർ ഒപ്പിട്ടിരുന്നു. മുഴുവൻ തിയേറ്ററുകളിലും റിലീസായിരുന്നു വാഗ്ദാനം. തിയേറ്ററുകൾ അഡ്വാൻസ് നൽകുകയും പരസ്യപ്പെടുത്തുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഒമിക്രോൺ ഭീഷണിയെത്തുടർന്ന് ജനുവരി 14ലെ റിലീസ് മാറ്റിവയ്ക്കാനും തീരുമാനിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെയും അറിയിക്കാതെയും സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വിലക്കെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.