ആലുവ: അമിത ജോലിഭാരം മൂലം ആലുവ നഗരസഭയിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബോധംകെട്ട് വീണു. കൊല്ലം സ്വദേശിനിയായ ഇവരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വിട്ടയച്ചു.
തിങ്കളാഴ്ച ഉച്ചയോടെ നഗരസഭാ കാര്യാലയത്തിലാണ് സംഭവം. നഗരസഭയിലെ ജനസേവന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇവരെ മൂന്നാഴ്ച്ച മുമ്പ് കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ ചുമതലയിലേക്ക് മാറ്റിയിരുന്നു. കുടുംബശ്രീക്ക് പുറമെ ലൈഫ് മിഷൻ പദ്ധതി, എസ്.സി ഇംപ്ലിമെന്റേഷൻ, 15-ാം വാർഡ് എന്നിവയുടെ ചുമതലയും വഹിക്കുന്നുണ്ട്. കുടുംബശ്രീ മെമ്പർ സെക്രട്ടറിയായിരുന്ന ജീവനക്കാരൻ അവധിയിലായതിനെ തുടർന്നാണ് ഇവരെ മാറ്റി നിയമിച്ചത്. ലൈഫ് മിഷന്റെയും കുടുംബശ്രീയുടെയും മറ്റും ഫയലുകളൊന്നും ജീവനക്കാരിക്ക് ലഭിച്ചിരുന്നില്ല. പുതിയ ചുമതലകൾ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞു കൊടുക്കാനും ആളുണ്ടായില്ല. ഈ സാഹചര്യത്തിൽ അധിക ചുമതല ഒഴിവാക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലിസ്റ്റിൽപ്പെട്ടവരുടെ അന്വേഷങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ജീവനക്കാരിക്ക് കഴിഞ്ഞില്ല.
വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി അപേക്ഷകർ ചെയർമാനെയും സെക്രട്ടറിയെയും സമീപിച്ചതോടെ ജീവനക്കാരിയെ ഇവർ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്. അബോധാവസ്ഥയിലായ ഇവരെ നഗരസഭയുടെ വാഹനത്തിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ജീവനക്കാരി മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഫയലുകൾ ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ട്, അവധിയെടുത്ത ജീവനക്കാരനെതിരെ നഗരസഭ നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം.