കൊച്ചി: വിവാദമായ വടുതല ബണ്ട് പ്രദേശത്ത് ലോകായുക്താ സംഘം പരിശോധന നടത്തി. പ്രദേശവാസികളായ മൂന്ന് പേർ ലോകായുക്തയ്ക്ക് സമർപ്പിച്ച പരാതിയിലാണ് പരിശോധന.

സി.ഐ, എസ്.ഐ, എന്നിവരുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരുട സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. രാവിലെ 11ഓടെ ബണ്ടിന് സമീപത്തെത്തിയ ഇവർ ബോട്ടിൽ സ്ഥലത്ത് സന്ദർശനം നടത്തി. സമീപത്തെ പ്രശ്‌നങ്ങൾ വിലയിരുത്തി.

തിരിച്ചെത്തിയ ശേഷം പ്രദേശവാസികളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും വിവരങ്ങൾ തേടി. കൊച്ചി കോർപ്പറേഷൻ, കളക്ട്രേറ്റ്, ജലവിഭവ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിളിച്ച് വരുത്തി ലോകായുക്ത വിവരങ്ങൾ തേടി.

ബണ്ട് സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ, നിർമ്മിച്ച വർഷം, നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയാണ് ജനങ്ങളോട് ചോദിച്ചത്. ഒഴുക്കിന് നേരിടുന്ന തടസങ്ങൾ, വെള്ളപ്പൊക്ക സാദ്ധ്യത, ജനങ്ങളെ എത്രത്തത്തോളം ബാധിക്കും, എന്താണ് പരിഹാരം എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കോർപ്പറേഷൻ, കളക്ട്രേറ്റ്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ വൈകുന്നേരത്തോടെയാണ് സംഘം മടങ്ങിയത്.

മുന്നറിയിപ്പില്ലാതെ പരിശോധന
യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയതെന്ന് സ്ഥലത്തെത്തിയ കളക്ടറേറ്റ്, കോർപ്പറേഷൻ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അമ്പരപ്പോടെ പ്രദേശവാസികൾ
നേരത്തെ, ജില്ലയുടെ മുൻ കളക്ടറായിരുന്ന എസ്. സുഹാസും, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം പ്രദേശവാസികളെ അറിയിച്ച ശേഷമാണ് സ്ഥലം സന്ദർശിച്ചത്. ഇത്തവരെ ആരെയുമറിയിക്കാതെയുള്ള സംഘത്തിന്റെ സന്ദർശനം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾകളിൽ അമ്പരപ്പുണ്ടാക്കി. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയതാണെന്നറിഞ്ഞതോടെ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവർ അക്കമിട്ട് നിരത്തി. തിരുവനന്തപുരത്ത് നിന്നുള്ള ലോകായുക്ത സംഘത്തിന്റെ പരിശോധന വരും ദിവസങ്ങളിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.