പറവൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങിലെ മലഞ്ചരക്ക് ഗോഡൗണിൽനിന്ന് മോഷ്ടിച്ച അടക്ക പറവൂരിലും ആലുവയിലും വിൽക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വിജയിച്ചില്ല. പെട്ടിഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മണത്തറിഞ്ഞ മോഷ്ടാവ് പൊലീസ് എത്തും മുമ്പേ രക്ഷപെട്ടു. 400 കിലോഗ്രാമോളം അടക്കയും മാരുതി കാറും പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടക്കയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വിലവരും. കാർ ദിവസവാടകക്ക് എടുത്തതാണെന്നാണ് സൂചന.

കഴിഞ്ഞദിവസം രാത്രിയാണ് ഗോഡൗണിന്റെ ഭിത്തിതുരന്ന് മോഷ്ടാവ് അകത്തുകടന്ന് ഉണക്കഅടക്ക മോഷ്ടിച്ചത്. മാരുതി കാറിൽ പറവൂരിൽ എത്തിച്ച് രണ്ട് മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങളിൽ വിൽക്കാൻ ശ്രമിച്ചുവെങ്കിലും അവർ വാങ്ങിയില്ല. തുടർന്ന് മോഷ്ടാവ് അടക്ക പെട്ടിഓട്ടോറിക്ഷയിൽ ആലുവയിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു. മൂന്ന് നാല് മലഞ്ചരക്ക് സ്ഥാപനങ്ങളിൽ കാണിച്ചുവെങ്കിലും സംശയം തോന്നിയതിനാൽ വാങ്ങാൻ അവർ തയ്യാറായില്ല. തുടർന്ന് തിരിച്ച് പറവൂരിലെത്തി പളളിത്താഴത്ത് കിടക്കുകയായിരുന്ന കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കവേ സംശയം തോന്നിയ ഓട്ടോഡ്രൈവർ പൊലീസിൽ ഫോണിലൂടെ വിവരമറിച്ചു. പൊലീസ് എത്തും മുമ്പേ ഡ്രൈവർ കാറിന്റെ താക്കോൽ ഊരിയെടുത്തു. ഇതോടെ മോഷ്ടാവ് കാറും അടക്കയും ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സ്ഥലത്തെത്തിയ പൊലീസ് കാറും അടക്കയും സ്റ്റേഷനിലേക്ക് മാറ്റി.

ഗോഡൗണിൽ നിന്ന് അടക്ക മോഷണംപോയ വിവരം വ്യാപാരി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതാണ് അsക്കവാങ്ങാൻ പറവൂരിലെയും ആലുവയിലെയും വ്യാപാരികൾ തയ്യാറാകാഞ്ഞത്. റെന്റ് എ കാർ വ്യവസ്ഥയിൽ ആരോ എടുത്ത കാറാണ് അടക്ക കടത്താൻ ഉപയോഗിച്ചത്. കാറിന്റെ ഉടമയുമായി പൊലീസ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മഞ്ഞനപ്പിള്ളി സ്വദേശിയാണ് അടക്ക വിൽക്കാൻ പറവൂരിൽ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.