ആലുവ: ബൈക്കിനെ ചൊല്ലി സ്‌കൂൾ വിദ്യാർത്ഥികൾ വടിവാളും മാരകായുധങ്ങളുമായി തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ വീണ് തലയ്ക്കു പരുക്കേറ്റ പതിനാറുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തടം ഗവ. ഹൈസ്‌കൂൾ റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അഞ്ചു മണിയോടെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ എട്ടു പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഈ സമയം അതുവഴി വന്ന വാർഡ് മെമ്പർ ഇടപെട്ട് അക്രമി സംഘത്തെ പിരിച്ചുവിട്ട് വിദ്യാർത്ഥിയെ രക്ഷിച്ചു. പിന്നീട് ആറുമണിയോടെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെയും കൂട്ടി വടിവാളും മാരകായുധങ്ങളുമായി എത്തി തിരിച്ചടിക്കുകയായിരുന്നു. കൊലവിളിയും അസഭ്യവർഷവുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം നാട്ടുകാർ ഇടപെട്ടിട്ടും പിന്തിരിഞ്ഞില്ല. ഇതിനിടെ ഒരാൾക്ക് തലയടിച്ചു വീണ് പരിക്കേറ്റതോടെയാണ് സംഘം പിന്തിരിഞ്ഞത്. ബിനാനിപുരം പൊലീസ് എത്തിയെങ്കിലും വിദ്യാർത്ഥികളായതിനാൽ കേസെടുത്തിട്ടില്ല. രക്ഷിതാക്കളോട് സ്‌റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത്തടം കാരോത്തുകുന്ന്, ആലിങ്കൽ കോളനി, വരാപ്പുഴ, കടമക്കുടി പ്രദേശങ്ങളിലുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മുപ്പത്തടം സ്‌കൂൾ വിദ്യാർത്ഥിയുടെ ന്യൂജെൻ ബൈക്കുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് സംഘർഷത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.