കോലഞ്ചേരി: വേനൽ കടുത്തതോടെ തീപിടിത്തങ്ങളും വർദ്ധിച്ചു. നാടിനൊപ്പം കാടും കത്തുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ തീപിടിത്തങ്ങളാണ് ഇതിനോടകം മേഖലയിലുണ്ടായത്. ഒരു മാസത്തിനിടെ തീപിടിത്തം നാലിരട്ടി കൂടിയെന്ന് അഗ്‌നിശമനസേന പറയുന്നു. പറമ്പ്, തോട്ടങ്ങൾ, മാലിന്യക്കൂമ്പാരം എന്നിവയ്ക്കാണ് കൂടുതലായും തീപിടിക്കുന്നത്. കത്തുന്ന ചൂടിനൊപ്പം കാറ്റും ആഞ്ഞുവീശുമ്പോൾ തീയുടെ രൗദ്രഭാവമേറും. ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തങ്ങളിലേക്കെത്താതെ തീ അണയ്ക്കാനാകുന്നത്.
ചൂടുകൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് തീപിടിത്തത്തിനു പ്രധാന കാരണങ്ങൾ. വേനൽ കനത്തതോടെ പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. ഇവയ്ക്ക് പെട്ടെന്നു തീപിടിക്കും. സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്ഥലത്ത് ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമാകുന്നുണ്ട്. തീകൊണ്ടു സംഭവിക്കുന്നത് ഭൂരിഭാഗവും വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണെന്ന് അധികൃതർ പറയുന്നു. തീ നാളങ്ങളേക്കാൾ അപകടമാണ് പുക.
അശ്രദ്ധവരുത്തി വയ്ക്കുന്ന ദുരന്തം
അശ്രദ്ധമായി തീയിടുന്നതാണ് നിയന്ത്രാണാതീതമായി തീപടരാൻ പ്രധാനകാരണം. പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞ് തീ കൃത്യമായി അണയ്ക്കണം. മാലിന്യം കൂട്ടിയിട്ടു കത്തിക്കുമ്പോഴും മറ്റും തീ മറ്റിടങ്ങളിലേക്കു പടരാതെ സൂക്ഷിക്കണം. അതിരാവിലെയും വൈകുന്നേരവും മാത്രം തീയിടുക. അത് നിയന്ത്രിതമായി ചെയ്യുക.
തീഅണയ്ക്കാനുള്ള വെള്ളവും കരുതണം. കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാതിരിക്കാനും ശ്രദ്ധിക്കണം.
വൈദ്യുതിലൈനിൽനിന്ന് തീപ്പൊരി തെറിച്ച് തീപടർന്നു പിടിച്ച സംഭവങ്ങളുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് മുൻകരുതലുകൾ സ്വീകരിക്കണം.
തോട്ടങ്ങളുടെ അതിരിലെ കാടുകൾ വെട്ടിത്തെളിച്ചു വൃത്തിയാക്കുക. വീടിനു പുറത്തുള്ള അടുപ്പുകൾ പൂർണമായും അണച്ചെന്ന് ഉറപ്പാക്കുക. തീപിടിത്തത്തെക്കുറിച്ചു അഗ്‌നിശമനസേനയെ അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
ഫയർ ലൈൻ
നിശ്ചിത സ്ഥലത്ത് അടിക്കാടും പുല്ലും ചെത്തിമാറ്റി തോട്ടങ്ങളിലേക്കും മറ്റും തീ പടരാതിരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഫയർലൈനുകൾ. ഏകദേശം 5.2 മീറ്റർ വീതിയിലാണ് ഫയർലൈനുകൾ തെളിക്കേണ്ടത്. ഫയർലൈനിന്റെ രണ്ടു ഭാഗത്തുനിന്നും കാടുചെത്തി മദ്ധ്യഭാഗത്തു കൂട്ടിവച്ചു തീയിട്ടു നശിപ്പിക്കണം. ഫയർലൈൻ മറികടന്നു തീപടരാൻ സാദ്ധ്യതയില്ല. എന്നാൽ കൃത്യമായി ഫയർലൈനുകൾ തെളിക്കാത്തത് തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു.