
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുന്നെന്നാരോപിച്ച് ദിലീപിന്റെ അഭിഭാഷകനെതിരെ ഇര കേരള ബാർ കൗൺസിലിൽ പരാതി നൽകി.
അഡ്വ. ബി. രാമൻപിള്ള, അഡ്വ. ഫിലിപ്പ് ടി. വർഗ്ഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കും ഇവരെ സഹായിക്കുന്ന മറ്റു അഭിഭാഷകർക്കുമെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇതിനായി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ രേഖകളെ ആശ്രയിക്കാമെന്നും പരാതിയിൽ പറയുന്നു.
അഭിഭാഷകർക്കെതിരെ പരാതി നൽകാനുള്ള ചട്ടപ്രകാരമല്ല പരാതി സമർപ്പിച്ചതെന്നും പിഴവു പരിഹരിച്ചാലേ പരിഗണിക്കാനാവൂവെന്നും ബാർ കൗൺസിൽ നടിക്ക് മറുപടി നൽകി. കേരള ബാർ കൗൺസിലിന്റെ നിയമപ്രകാരം പരാതിയുടെ 30 പകർപ്പുകൾ നൽകണം. നിയമപ്രകാരമുള്ള ഫീസായി 2,500 രൂപയും കെട്ടിവയ്ക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി നടിക്ക് മറുപടി നൽകിയെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.
നടിയുടെ ആരോപണങ്ങൾ
 സാക്ഷിയായ ജിൻസണിനെ സ്വാധീനിക്കാൻ കൊല്ലം സ്വദേശി നാസറിനെ അഡ്വ. രാമൻപിള്ള നേരിട്ടും ഫോണിലും ബന്ധപ്പെട്ടു. ജിൻസണിന് 25 ലക്ഷം രൂപയും അഞ്ചു സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തു. ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും അഭിഭാഷക സംഘടനകളെ മുന്നിൽ നിറുത്തി ഹാജരായില്ല.
 അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവായ മൊബൈൽ ഫോണുകളിലെ രേഖകൾ നശിപ്പിക്കാൻ അഭിഭാഷകർ ഇടപെട്ടു. തെളിവു നശിപ്പിക്കാൻ മുംബയിലെ ഫോറൻസിക് ലാബിൽ അഭിഭാഷകർ നേരിട്ടെത്തി. രാമൻപിള്ളയുടെ എറണാകുളത്തെ ഓഫീസിലും തെളിവുകൾ നശിപ്പിച്ചു.
 മറ്റൊരു സാക്ഷിയായ സാഗർ വിൻസെന്റിനെ സ്വാധീനിക്കാൻ അഡ്വ. ഫിലിപ്പ് അഞ്ച് ലക്ഷം രൂപ നൽകിയെന്നു സൂചിപ്പിക്കുന്ന ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് നൽകി. സാഗറിനെ അഭിഭാഷകർ ആലപ്പുഴയിലെത്തി കണ്ടു.
 ദിലീപിന്റെ വാച്ച്മാനായിരുന്ന ദാസനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് മുൻകൂട്ടിക്കണ്ട് രാമൻപിള്ളയും ഫിലിപ്പും അനുകൂലമൊഴി നൽകണമെന്ന് നിർദ്ദേശിച്ചു.
 പൾസർ സുനിയുടെ കത്ത് സുഹൃത്തായ സജിത്ത് രാമൻപിള്ളക്ക് കൈമാറി. പിന്നീട് ഇരിങ്ങാലക്കുടയിലെ കല്ലട ഹോട്ടലിൽ സജിത്തിന് കത്തു മടക്കി നൽകി. ഈ കത്ത് സജിത്ത് അന്വേഷണ സംഘത്തിന് കൈമാറി.
 20 പ്രോസിക്യൂഷൻ സാക്ഷികളെ മൊഴിമാറ്റാൻ സ്വാധീനിച്ചു