കൊച്ചി: മുല്ലശേരി കനാൽ റോഡിലെ ഫാഷൻ സ്ട്രീറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ കോർപ്പറേഷൻ ചെലവഴിക്കുന്നത് 43,11,800 രൂപ. വാർഷികവരുമാനം വെറും 42,600 രൂപ. നഗരത്തിന്റെ ഫാഷൻ സ്ട്രീറ്റ് എന്നറിയപ്പെടുന്ന തെരുവോര വാണിഭത്തിന്റെ കഥയാണിത്.

മുല്ലശേരി കനാൽ റോഡിൽ പ്രവർത്തിച്ചിരുന്ന കച്ചവടക്കാരെ കനാൽ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തേക്ക് പുന:രധിവസിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ഇവിടെ നിന്ന് കോർപ്പറേഷന് കിട്ടുന്ന വാർഷിക വരുമാനം തൊഴിൽ നികുതി ഇനത്തിൽ തുച്ഛമായ തുക മാത്രം. പൊതുപ്രവർത്തകനായ അഞ്ചുമുറി തോട്ടുപുറത്ത് പ്രതാപന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഫാഷൻ സ്ട്രീറ്റുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് വ്യക്തമാക്കിയത്.

കടവാടക, തറവാടക ഇനത്തിൽ നയാപ്പൈസ കോർപ്പറേഷൻ ഈടാക്കുന്നുമില്ല. അന്യസംസ്ഥാനക്കാരായ കച്ചവടക്കാരാണ് ഫാഷൻ സ്ട്രീറ്റിലെ വ്യാപാരികൾ. മുമ്പ് മുല്ലശേരി കനാൽ റോഡിൽ കട നടത്തിയിരുന്നത് 72 പേരായിരുന്നു. പുന:രധിവാസം പ്രഖ്യാപിച്ചതോടെ കടക്കാരുടെ എണ്ണം 80 ആയി. ചെറിയ തുക തൊഴിൽനികുതി മാത്രം നൽകി കച്ചവടം നടത്തി ജീവിക്കാനുള്ള ആനുകൂല്യം നാട്ടിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് കിട്ടുകയുമില്ല.

മുമ്പ് ടിബറ്റിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് വേണ്ടിയാണ് മുല്ലശേരി കനാൽ റോഡിൽ കച്ചവടത്തിന് സൗകര്യം നൽകിയത്. സ്വന്തമായി നിർമ്മിച്ച തകരഷെഡുകൾ പിന്നീട് മറിച്ചുവിൽക്കുകയോ കരാർ വ്യവസ്ഥയിൽ കൈമാറ്റം ചെയ്യപ്പെടുകയൊ ചെയ്തു. ഇപ്പോൾ ആരൊക്കെയാണ് കട നടത്തുന്നതെന്ന് പോലും അധികൃതർക്ക് നിശ്ചയമില്ല. തുണിത്തരങ്ങൾ, ചെരുപ്പ്, ബെൽറ്റ്, കണ്ണട തുടങ്ങിയ സാധനങ്ങളാണ് ഇവിടെ വിൽക്കുന്നത്. ഒന്നിനും ബില്ലും നികുതിയുമില്ല. ഫാഷൻ സ്ട്രീറ്റ് വ്യാപാരികളിൽ നിന്ന് നഗരസഭ വാടക ഈടാക്കുന്നില്ലെങ്കിലും മറ്റുചിലർ മാസപ്പടി പിരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

 സ്റ്റേഡിയത്തിലെ കടമുറികൾ

സാമുഹ്യവിരുദ്ധർക്ക്

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന് സമീപം അംബേദ്ക്കർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഷട്ടറിട്ട നിരവധി കടമുറികൾ നശിച്ചുകിടക്കുമ്പോഴാണ് അതിനുമുമ്പിലെ നടപ്പാതയിൽ താൽക്കാലിക ഷെഡ് നിർമ്മിച്ച് ഫാഷൻ സ്ട്രീറ്റുകാരെ പുന:രധിവസിപ്പിക്കുന്നത്. സ്റ്റേഡിയത്തിലെ കടമുറികൾ പുനരുദ്ധരിച്ച് ഉപയോഗിച്ചിരുന്നെങ്കിൽ ഈഭാഗത്തെ സാമൂഹ്യവിരുദ്ധരുടെ ശല്യമെങ്കിലും നിയന്ത്രിക്കാമായിരുന്നു എന്നാണ് പരിസരവാസികളുടെ അഭിപ്രായം. സ്റ്റേഡിയവും പരിസരവും സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഷെഡിന്റെ മറകൂടി കിട്ടിയതോടെ അവരുടെ ശല്യം വർദ്ധിക്കുമെന്നാണ് ആശങ്ക.