കളമശേരി: നാട്ടറിവുകളുടെ കരുത്തിൽ ജൈവ കൃഷിയിലൂടെ അടുക്കള തോട്ടത്തിൽ നൂറുമേനി കൊയ്ത് ഏലൂർ വടക്കുംഭാഗം അർത്തമ്പാട്ട് വീട്ടിൽ അല്ലി വേലായുധനും മരുമകൻ അനിൽ കുമാറും മാതൃകയാവുകയാണ്. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വീടിന് ചുറ്റുമുള്ള 20 സെന്റിലാണ് കൃഷിയിറക്കിയിട്ടുള്ളത്. സൂര്യകാന്തി, കുറ്റിമുല്ല , മുളക്, വ്യത്യസ്ത ഇനം വെണ്ടകൾ, വഴുതന , ചോളം, കമ്പം, കോവൽ, മണി തക്കാളി, ഇഞ്ചി, ചീര, പടവലം, മത്തൻ, മരച്ചീനി, കുമ്പളം, പുളി, തകര, കൂവ, കറ്റാർവാഴ, വേപ്പ്, ആര്യവേപ്പ്, തെങ്ങ്, വിവിധയിനം വാഴകൾ, മീറ്റർ പയർ, മുള്ളാത്ത, കമുക് എന്നിവയെല്ലാം കൃഷി ചെയ്യുന്നു. ഒപ്പം കോഴി വളർത്തലുമുണ്ട്. ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. വീട്ടിലേക്ക് ആവശ്യമുള്ളത് കഴിഞ്ഞ് അയൽവാസിക
ൾക്ക് നൽകുകയാണ് പതിവ്.

കെ.എസ്.ഇ.ബി യിൽ നിന്ന് ഓവർസിയറായി വിരമിച്ച അനിൽകുമാറും കൃഷിയിടത്തിൽ അമ്മായി അമ്മയെ സഹായിച്ച് മുഴുവൻ സമയവും കൂടെയുണ്ട്. വിത്തുകളും തൈകളും എത്തിച്ചു നൽകുന്നത് അനിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാതാളത്ത് നടന്ന കുടുംബശ്രീ മേളയിൽ പച്ചക്കറികൾ വില്പനയ്ക്ക് എത്തിച്ചിരുന്നു. മുൻ എ.ഡി.എസ് സെക്രട്ടറിയും സി.ഡി.എസ് അംഗവുമായിരുന്നു അല്ലി വേലായുധൻ. ഫാക്ട് ജീവനക്കാരനായിരുന്ന ഭർത്താവ് വേലായുധൻ മരിച്ചിട്ട് വർഷങ്ങളായി വബിത,വപീഷ്, വനീഷ് എന്നിവർ മക്കളാണ്.