gfytg

കൊച്ചി: രവിപുരം ഹാ‌ർബ‌ർ വ്യൂ ഫ്ലൈ ഹൈ ബാറിന്റെ റീലോഞ്ചിംഗ് വേളയിൽ മദ്യം വിളമ്പിയ റഷ്യൻ വനിതകൾ ഇന്ത്യയിലെത്തിയത് സ്റ്റുഡന്റ് വിസയിലെന്ന് എക്സൈസിന് സൂചന ലഭിച്ചു.

സംസ്ഥാനത്തെ ആദ്യ പബ്ബെന്ന വിശേഷണത്തോടെ ഈ മാസം 11നായിരുന്നു ലോഞ്ചിംഗ്. അന്നാണ് റഷ്യൻ യുവതികളെക്കൊണ്ട് മദ്യം വിളമ്പിപ്പിച്ചത്. മുംബയിലെ സ്വകാര്യ ഏജൻസി വഴിയാണ് ഇവരെത്തിയത്. യുവതികൾ മുംബയിലേക്ക് മടങ്ങിപ്പോയി. അബ്കാരി കേസല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ എക്സൈസ് കമ്മിഷണ‌ർ ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷ റിപ്പോ‌ർട്ടിന്റെ പകർപ്പ് കൈമാറി. കൊച്ചി സിറ്റി പൊലീസായിരിക്കും തുടരന്വേഷണം നടത്തുക.

വിദേശവനിതകൾ സുഹൃത്തുക്കളാണെന്നും മദ്യം വിളമ്പാൻ എത്തിച്ചതല്ലെന്നുമാണ് ഹോട്ടലുടമകളുടെ വാദം. എക്സൈസ് ഇതു മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്റ്റുഡന്റ് വിസയിൽ വന്ന വിദേശികൾ മറ്റ് ജോലികൾ ചെയ്യാൻ പാടില്ലെന്നാണ് ചട്ടം.റഷ്യൻ യുവതികൾ പണം കൈപ്പറ്റിയിട്ടുണ്ടോ, വരവിന്റെ ഉദ്ദേശ്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും പൊലീസ് അന്വേഷിക്കുക. സോഫ്റ്റ് ലോഞ്ചിംഗിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തിങ്കളാഴ്ച രാത്രിയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. രണ്ട് കേസെടുത്തു. ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യതയില്ല.

 ബാറുടമ അറസ്റ്റിലാവും

വിദേശവനിതകളെ എത്തിച്ച് ആളുകളെ ആകർഷിക്കാൻ തന്ത്രമൊരുക്കിയ ഹാർബർ വ്യൂ ബാറുടമയെ അറസ്റ്റ് ചെയ്യാനൊരുങ്ങി എക്സൈസ്. സ്റ്റോക്ക് ബുക്കിൽ കൃത്യമായ വിവരം രേഖപ്പെടുത്താത്തതാണ് ഉടമയ്ക്ക് വിനയായത്. ബാർ മാനേജർ കണ്ണൂർ സ്വദേശി അബ്ദുൾ ഖാദറിനെ (50) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്റ്റോക്ക് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്താത്തതിന് 25,000 രൂപയാണ് പിഴ.