domestic

കൊച്ചി: വേനൽ കനത്ത് കൊടുംചൂട് പെരുകിയതോടെ മനുഷ്യർക്ക് മാത്രമല്ല, വളർത്തുമൃഗങ്ങൾക്കും വേണം പ്രത്യേക കരുതലും ശ്രദ്ധയും പരിചരണവും. വെള്ളത്തിന്റേയും പുല്ലിന്റേയും ദൗർലഭ്യം മൃഗസംരക്ഷണ മേഖലയെ സാരമായി ബാധിച്ചാൽ പാൽ, മുട്ട, ഇറച്ചി ഉദ്പാദനത്തിൽ ഇടിവുണ്ടാകുന്നത് വിലക്കയറ്റം, ദൗർലഭ്യം എന്നിവയ്ക്കും വഴിതെളിക്കും. സൂര്യാഘാതമേൽക്കാതെ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിക്കുന്നു. തണുത്ത ശുദ്ധജലം കറവപ്പശുക്കൾക്കും കൂട്ടിലിടുന്ന പക്ഷിമൃഗാദികൾക്കും ലഭ്യമാക്കുക പ്രധാനമാണ്. കൂടിയ കറവയുള്ള പശുക്കൾക്ക് വേനൽക്കാലത്ത് 80- 100 ലിറ്റർ വെള്ളം ഉറപ്പാക്കണം.

മേഞ്ഞ് നടക്കൽ

രാവിലെ 10 മുതൽ 3 വരെ പശുക്കളെ തുറസായ സ്ഥലത്തും പാടത്തും കെട്ടിയിടുകയോ മേയാൻ വിടുകയോ വായുസഞ്ചാരമില്ലാത്ത തൊഴുത്തിൽ കെട്ടിയിടുകയോ ചെയ്യരുത്. തണലത്ത് കെട്ടിയിടാം.

തൊഴുത്തിൽ വായുസഞ്ചാരം വേണം. മുഴുവൻ നേരവും ഫാൻ സൗകര്യം ഏർപ്പെടുത്തണം. വായുസഞ്ചാരം കൂട്ടാൻ തൊഴുത്തിന് ചുറ്റുമുള്ള ടാർപ്പോളിൻ ഷീറ്റുകൾ അഴിച്ചുമാറ്റണം.

മേൽക്കൂര പൊക്കത്തിലായിരിക്കണം. ഗാർഡൻ പച്ചനെറ്റ്, പനയോല, തെങ്ങോല എന്നിവ വിരിച്ച് അടിക്കൂര നൽകാം. ടിൻ ഷീറ്റ് മേഞ്ഞ തൊഴുത്തുകളുടെ മുകളിൽ ചാക്ക് വിരിച്ച് നനച്ച് ചൂട് കുറയ്ക്കാം. തൊഴുത്തിന്റെ പരിസരത്ത് തണൽമരം നടുന്നതും നല്ലതാണ്.

കറവപ്പശുക്കളുടെ തീറ്റ

കാലിത്തീറ്റ രാവിലെ 8ന് മുൻപും വൈകിട്ട് 4ന് ശേഷവും നൽകാം. പാൽ കൂടുതൽ നൽകുന്ന പശുക്കൾക്ക് ബൈപാസ് പ്രോട്ടീൻ, ടി.എം.ആർ, സൈലേജ് എന്നിവ നൽകാം. ജലാംശം കൂടിയ തീറ്റകൾ നൽകണം. വൈക്കോൽ രാത്രിയിലോ അതിരാവിലെയോ നൽകാം. പച്ചപ്പുല്ല്, ഇലകൾ, ഈർക്കിലി മാറ്റിയ ഓല എന്നിവയും നൽകാം.

വളർത്തുമൃഗങ്ങൾക്ക് അമിതമായ തളർച്ച, കിതപ്പ്, അണപ്പ് ,തേങ്ങൽ, ഉമിനീരൊലിക്കൽ, വായിൽ നിന്നു നുരയും പതയും ഒലിക്കൽ, വായ തുറന്ന ശ്വസനം, തീറ്റ തിന്നാൻ മടി എന്നിവ കണ്ടാൽ വൈദ്യസഹായം തേടണം.


സൂര്യാഘാതം തിരിച്ചറിയാം
ഉയർന്ന ശരീരോഷ്മാവ്
ഉയർന്ന ശ്വാസോഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം
വായിൽ നിന്നും ഉമിനീർതുള്ളി തുള്ളിയായോ പതയായോ ഒലിച്ചിറങ്ങൽ
പാലിന്റെ അളവിൽ സാരമായ കുറവ്

സൂര്യാഘാതമേറ്റാൽ ചെയ്യേണ്ടത്
വെള്ളം നനച്ച് നന്നായി തുടയ്ക്കുക
കുടിക്കാൻ ധാരാളം വെള്ളം നൽകുക
മൃഗാശുപത്രിയിൽ ചികിത്സ തേടുക

വിവരങ്ങൾ നൽകിയത് :

ഡോ. ലീന പോൾ

വെറ്ററിനറി സർജൻ