tatoo

കൊച്ചി: ഒന്നല്ല, മദ്ധ്യമേഖലാ റേഞ്ചിൽ 28 ടാറ്രൂ സ്റ്റുഡിയോകൾ നിരീക്ഷണത്തിലുണ്ടെന്ന് എക്സൈസ്. ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരിമരുന്ന് നൽകുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് മദ്ധ്യമേഖലാ റേഞ്ചിലെ റെയ്ഡ്.

സ്റ്റുഡിയോ ഉടമകളുടെയും ടാറ്റൂ ആ‌ർട്ടിസ്റ്റുകളുടെയും പേരുവിവരങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഒരിടത്തും ലഹരിമരുന്നുകൾ കണ്ടെത്താനായില്ല. നിരീക്ഷണവും മിന്നൽ പരിശോധനകളും തുടരാനാണ് തീരുമാനം. നേരത്തെ പൊലീസ് നഗരത്തിലെ ടാറ്റൂ സ്റ്റുഡിയോകളുടെ വിവരശേഖരണം നടത്തിയിരുന്നു. ടാറ്രൂ ചെയ്യാനെത്തിയ യുവതികളെ പ്രമുഖ ടാറ്റൂ ആ‌ർട്ടിസ്റ്റ് സുജീഷ് ലൈംഗിക ചൂണത്തിന് ഇരയാക്കിയെന്ന പരാതിക്ക് പിന്നാലെയായിരുന്നു മിന്നൽ നടപടി. ടാറ്റൂ പീഡനത്തെ തുടർന്നാണ് സ്റ്രുഡിയോകളെ ചുറ്റിപ്പറ്റിയുള്ള ലഹരി ഇടപാടുകളിലേക്കും എക്സൈസിന്റെ ശ്രദ്ധപതിയാൻ കാരണം.

 മദ്ധ്യമേഖല റേഞ്ച്

പാലക്കാട്

തൃശൂർ

എറണാകുളം

ഇടുക്കി

 ജില്ലയിൽ അഞ്ച്

എറണാകുളം ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു മിന്നൽ പരിശോധന. അങ്കമാലിയിലെ ടാറ്റൂ സ്റ്രുഡിയോകളായ ആർട്ട് ലാൻഡ്, സിഗ്നേച്ചർ സ്റ്റുഡിയോ, ലേ ബൊഹിമർ, കളമശേരിയിലെ ടാറ്റൂ സ്റ്റൂഡിയോ, ഇടപ്പള്ളി ആർട്ട് സ്റ്റുഡിയോ എന്നിവിടങ്ങളിൽ എക്സൈസ് സംഘമെത്തി. വിവരങ്ങൾ ശേഖരിച്ച് പട്ടികയാക്കി. ഇവ ക്രോഡീകരിച്ച് റിപ്പോർട്ടായി എക്സൈസ് കമ്മിഷണർക്ക് കൈമാറി.

ജില്ലയിൽ കൂടുതൽ ടാറ്റൂ സ്റ്റുഡിയോകളുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. വീടുകളിലെത്തി ടാറ്രൂ ചെയ്തു നൽകുന്നവരും കൂടുതലാണ്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധനയുണ്ടാകും. വീടുകളിലെത്തി ടാറ്റൂ ചെയ്യുന്നവരുടേയും വിവരങ്ങൾ ശേഖരിക്കും.

എക്സൈസ് കമ്മിഷണറുടെ നി‌ർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. ജില്ലയിൽ അഞ്ചും റേഞ്ചിൽ 28 സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിരീക്ഷണവും പരിശോധനകളും തുടരും.

ടെനിമോൻ

അസി. എക്സൈസ് കമ്മിഷണ‌ർ

എറണാകുളം