അങ്കമാലി: അങ്കമാലി നഗരസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് പ്രതിപക്ഷം. പദ്ധതി വിഹിതത്തിന്റെ 98 ശതമാനം തുകയും ചെലവഴിക്കുമെന്ന വാദം ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 70 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പ്രധാനപ്പെട്ട ഒരു പ്രൊജക്ടുപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
കാർഷിക പുരോഗതി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യ വികസനത്തിന് 56 ലക്ഷം രൂപ വകയിരുത്തിയതിൽ കേവലം 2 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. ഭൂമി വാങ്ങാൻ 4 കോടിയാണ് നീക്കിവച്ചത്.ഒരുതുണ്ട് ഭൂമിപോലും വാങ്ങാനുള്ള ശ്രമമുണ്ടായില്ല. നഗരസഭയുടെ പഴയ കെട്ടിട പുനരുദ്ധാരണത്തിന് 1 കോടി രൂപ മാറ്റിവച്ചത് കടലാസിൽ ഒതുങ്ങി.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ടൗൺ ഹാളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് ചില്ലിക്കാശ് പോലും ചെലവഴിക്കാതെ ടൗൺഹാൾ സമുച്ചയം ബഡ്ജറ്റ് പുസ്തകത്തിന്റെ കവർപേജിൽ ഫോട്ടോ ഒട്ടിച്ച് സായൂജ്യമടയുകയാണ് ഭരണപക്ഷമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽ, മോളി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.