ആലുവ: വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത് ഉപയോക്താക്കളെ വലയ്ക്കുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ വാട്ടർ അതോറിട്ടിയുമായി എഗ്രിമെന്റ് വെച്ച് ലൈസൻസുള്ള പ്ലംബറെക്കൊണ്ട് കണക്ഷൻ എടുപ്പിക്കാമായിരുന്നു. പുതിയ സംവിധാനത്തിൽ വാട്ടർ അതോറിട്ടിയുടെ വെബ്‌സൈറ്റിൽ അപേക്ഷിച്ചാൽ വളരെ താമസിച്ചാണ് നടപടികൾ ആരംഭിക്കുന്നത്.
പ്ലംബർക്കുള്ള പണവും അതോറിട്ടിയിൽ അടക്കണം. പ്ലംബറെ തീരുമാനിക്കുന്നതും അവർക്ക് കൂലിനൽകുന്നതും അതോറിട്ടിയായിരിക്കും. ദൂരെദിക്കിലുള്ള ഏതെങ്കിലുമൊരാൾക്കായിരിക്കും ജോലി ലഭിക്കുക. നിലവിൽ കരാറുകാർക്ക് വൻതുക കൊടുത്ത് തീർക്കാനുണ്ടെന്നിരിക്കെ കണക്ഷന്റെ കൂലി യഥാസമയം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പ്ലംബർമാരും ഒഴിഞ്ഞുമാറുകയാണ്. ചുരുക്കത്തിൽ വാട്ടർ അതോറിട്ടിയിൽ പണമടച്ചാലും കുടിവെള്ള ലഭിക്കാൻ പ്ലംബർക്ക് നേരിട്ട് കൂലിനൽകേണ്ട ഗതികേടിലാണ് ജനങ്ങൾ. അത്യാവശ്യക്കാർ ഒരു കണക്ഷന് രണ്ട് വട്ടം കൂലി നൽകേണ്ടിവരുന്നതായാണ് പരാതി. സാങ്കേതിക തകരാർമൂലം നടപടികളും ഇഴഞ്ഞ് നീങ്ങുകയാണ്. രൂക്ഷമായ വരൾച്ചയുടെ സമയത്ത് ജനങ്ങളെ വെള്ളം കുടിപ്പിക്കാൻ അനുവദിക്കാത്ത തലതിരിഞ്ഞ നടപടിയിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.