-bvvg

കൊച്ചി: തപാലിലൂടെ എൽ.എസ്.ഡി സ്റ്റാമ്പ് കടത്തിയ കേസിൽ കോഴിക്കോട് മാങ്കാവ് സ്വദേശി കെ. ഫസലു, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആദിത്യൻ (23) എന്നിവർ അറസ്റ്റിലായി. കൊച്ചിയിലെ വിദേശ തപാൽ എക്സ്ചേഞ്ച് ഓഫീസ് വഴി ലഹരിക്കച്ചവടം നടത്തിയിരുന്ന ഇവരുടെ കൂട്ടാളികളായ 56 പേരെ അറസ്റ്റ് ചെയ്യാൻ എക്സൈസ് നീക്കം ഉൗർജ്ജിതമാക്കി.

നിഗൂഢവ്യാപാരത്തിന് ഉപയോഗിക്കുന്ന രഹസ്യശൃംഖലയായ 'ഡാർക്ക് വെബ്' വഴി ഓ‌ർഡ‌ർ ചെയ്ത് തപാലിൽ യൂറോപ്പിൽ നിന്നാണ് ഒരു നുള്ളിന് ലക്ഷങ്ങൾ വിലയുള്ള ഇൗ മയക്കുമരുന്ന് എത്തിക്കുന്നത്. ആവശ്യക്കാർക്ക് തപാൽ വഴി തന്നെയെത്തിച്ചാണ് സംഘം വൻബിസിനസ് നടത്തിയിരുന്നത്.

ഇവരുടെ പേരിൽ 60ഓളം കൊറിയറുകൾ അടുത്തിടെ മാത്രം തപാൽ ഓഫീസിൽ എത്തിയിരുന്നു.

കൊച്ചിയിലെത്തിച്ച മയക്കുമരുന്ന് ഫസലു കൊറിയർ വഴി മട്ടാഞ്ചേരി സ്വദേശി ഗോവിന്ദ് രാജിന് വിറ്റെന്ന കണ്ടെത്തലിൽ ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫസലുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും കൊച്ചിയിലെത്തിച്ച് തെളിവെടുക്കും.

 ഇടപാട് ഇങ്ങനെ

വിദേശരാജ്യങ്ങളിലെ ലഹരി സംഘങ്ങൾക്ക് ഡാർക്ക് നെറ്റ് വഴി പണം കൈമാറും. നൽകുന്ന വിലാസത്തിൽ രണ്ടാഴ്ചയ്ക്കകം കൊച്ചിയിലെ തപാൽ ഓഫീസിൽ കൊറിയറായി മയക്കുമരുന്നെത്തും.

13 ഫോറിൻ പോസ്റ്റ് ഓഫീസ്

കൊച്ചിയുൾപ്പെടെ രാജ്യത്തെ അഞ്ച് ഫോറിൻ തപാൽ എക്സ്ചേഞ്ചുകൾക്കു പുറമേ 13 ഫോറിൻ പോസ്റ്റ് ഓഫീസുകളുമുണ്ട്. എക്സ്ചേഞ്ച് ഓഫീസിലേക്ക് വരുന്ന വിദേശ കൊറിയ‌ർ പരിശോധന പൂ‌ർത്തിയാക്കി ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ ഫോറിൻ എക്സ്ചേഞ്ച് ഓഫീസിലേക്കാണ് ലഹരിക്കൊറിയറുകൾ അധികവും എത്തിയിരുന്നത്. ഇവിടെ നിന്ന് കോഴിക്കോട്ടേക്ക് തപാലിൽ തന്നെ എത്തിച്ചാണ് ഫസലു കൈപ്പറ്റിയിരുന്നത്. തപാൽ മാ‌ർഗ്ഗമാണ് ഇയാൾ ലഹരിവില്പന നടത്തിയിരുന്നതും.