
കൊച്ചി : കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻഡ്രൈവിൽ നടത്തുന്ന കുടുംബശ്രീ വിപണനമേള ഇന്ന് വൈകിട്ട് അഞ്ചിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തുടർന്ന് മൂന്നു വർഷത്തിന് ശേഷം ഇതാദ്യമായാണ് കുടുംബശ്രീ പ്രവർത്തകർ മേളകളിലേക്ക് എത്തുന്നത്. പിടിയും കോഴിക്കറിയും, പോർക്ക് വിന്താലൂ, കപ്പ, മീൻകറി, അപ്പം ബീഫ് എന്നിങ്ങനെ നാടൻ രുചിക്കൂട്ടുകളുമായി 11 ഫുട് കോർട്ടുകളാണ് മേളയുടെ പ്രത്യേകത. കരകൗശല വസ്തുക്കൾ, അച്ചാർ, ചമ്മന്തിപ്പൊടി, ഹെർബൽ ഉത്പന്നങ്ങൾ. ചെറുകിട വ്യവസായ യൂണിറ്റുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഗുണനിലവാരമുള്ള സാധനങ്ങൾ പൊതുജനങ്ങൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുകയുമാണ് മേളയുടെ ഉദ്ദേശമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് പറഞ്ഞു.