ആലുവ: അദ്വൈതാശ്രമത്തിന്റെ ഭൂമി കൈയേറാനുള്ള നീക്കം പൊളിഞ്ഞതോടെ വിചിത്ര നീക്കവുമായി നഗരസഭ അധികൃതർ വീണ്ടും രംഗത്തെത്തി. പൊതുജന താത്പര്യാർത്ഥം പെരിയാർ സംരക്ഷണത്തിനായി മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ അദ്വൈതാശ്രമം അനുമതി നൽകിയതിന്റെ മറവിൽ അദ്വൈതാശ്രമം ആലുവ വില്ലേജിൽ കരം കൊടുക്കുന്ന ഭൂമി കൈയേറി ബോർഡ് സ്ഥാപിക്കാൻ നീക്കം കഴിഞ്ഞ 14ന് ആശ്രമ അധികൃതരും വിശ്വാസികളും ചേർന്ന് തടഞ്ഞിരുന്നു.

ഇതേത്തുടർന്ന് നഗരസഭ കൈയേറ്റശ്രമം ഉപേക്ഷിക്കുകയും അദ്വൈതാശ്രമം ആവശ്യപ്പെട്ടാൽ പ്രവർത്തനരഹിതമായ പ്ളാന്റ് നീക്കം ചെയ്യുമെന്നും ചെയർമാൻ എം.ഒ. ജോൺ ആശ്രമത്തിലെത്തി അറിയിച്ചതാണ്. ഒരു മാസം പിന്നിട്ടപ്പോഴാണ് കൈയേറ്റം പുനരാരംഭിക്കാൻ നഗരസഭ ശ്രമം തുടങ്ങിയത്. നഗരസഭയുടേതെന്ന് സ്ഥാപിക്കാൻ ഇവിടെ സ്ഥാപിച്ച ബോർഡ് ഉപേക്ഷിച്ചാണ് നഗരസഭ പിൻമാറിയത്. ബോർഡ് നീക്കാത്തതിനെത്തുടർന്ന് ഇതിന് മുകളിൽ ശിവരാത്രി നാളിൽ 'അദ്വൈതാശ്രമം' എന്ന് രേഖപ്പെടുത്തിയ ബാനർ സ്ഥാപിച്ചിരുന്നു. നഗരസഭയിൽ നിക്ഷിപ്തമായ ഭൂമിയിൽ സ്ഥാപിച്ച ബോർഡിൽ നിന്ന് 'അദ്വൈതാശ്രമം' എന്ന് രേഖപ്പെടുത്തിയ ബാനർ നീക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ജീവനക്കാർക്ക് യഥാസമയം ശമ്പളംപോലും നൽകാനാകാത്ത നഗരസഭയെയാണ് അഹങ്കാരം തലക്ക് പിടിച്ച ചിലർ അനാവശ്യമായി നിയമക്കുരുക്കിലാക്കുന്നത്. ഭൂമി നഗരസഭയ്ക്ക് അദ്വൈതാശ്രമം ദാനം ചെയ്തെന്നാണ് നഗരസഭ സ്വയം അവകാശപ്പെടുന്നത്. എന്നാൽ 1959ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ശിവഗിരി മഠത്തിന്റെ സ്വത്തുക്കൾ കൈവശംവെയ്ക്കാനും ഭരണംനടത്താനും മാത്രമേ ഭരണസമിതിക്ക് അധികാരമുള്ളു. സ്വത്തുവകകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ആർക്കും അധികാരമില്ല. വസ്തുതകൾ ഇതായിരിക്കെ അദ്വൈതാശ്രമത്തിലേക്കുള്ള വഴി നഗരസഭക്ക് വിട്ടുനൽകിയെന്ന പ്രചാരണം കൈയേറ്റത്തിന് നിയമപരിരക്ഷ കിട്ടുന്നതിനാണ്.

ഗുരുവിനോട് കാണിക്കുന്ന അനാദരവാണ് നഗരസഭയുടെ നടപടിയെന്നും നീചവും നിന്ദ്യവുമായ നടപടിയെ ശ്രീനാരായണീയസമൂഹം ചെറുത്തുതോൽപ്പിക്കുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചെെതന്യ എന്നിവർ പറഞ്ഞു.

നഗരസഭയുടെ അനധികൃത ബോർഡ് നീക്കണമെന്ന് സ്വാമി ധർമ്മ ചൈതന്യ

അദ്വൈതാശ്രമഭൂമിയിൽ നഗരസഭ അനധികൃതമായി സ്ഥാപിച്ച ആർച്ച് ബോർഡ് നീക്കണമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആവശ്യപ്പെട്ടു. അനധികൃത ബോർഡാണ് നഗരസഭ സ്ഥാപിച്ചതെന്ന് ബോദ്ധ്യമുണ്ടായിട്ടും നീക്കംചെയ്യാത്ത സാഹചര്യത്തിലാണ് ഈ ബോർഡിൽ അദ്വൈതാശ്രമം ബാനർ കെട്ടിയത്. നഗരസഭ സ്ഥാപിച്ച അനധികൃത ബോർഡ് നീക്കി നീതിയും സത്യവും ഉറപ്പാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.