 
ആലങ്ങാട്: മൃഗപരിപാലനം ഉപജീവനമാർഗമാക്കിയ കരുമാല്ലൂരിലെ നൂറുകണക്കിന് കർഷകരുടെ ആശ്രയകേന്ദ്രമായ മൃഗാശുപത്രികൾ അവഗണനയിൽ. കാരുചിറ മൃഗാശുപത്രി മുമ്പ് ബഡ്‌സ് സ്‌കൂളായിരുന്ന ഒറ്റമുറി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒന്നരവർഷം മുൻപ് കുടുംബശ്രീ ജനകീയ ഹോട്ടലാക്കിയതോടെയാണ് ആശുപത്രി ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റിയത്. ആകെയുള്ള ഒരുമുറി ഡോക്ടറുടെ ഇരിപ്പിടമാണ്. ഇതിനോട് ചേർത്ത് തകരഷീറ്റുകൊണ്ടു നിർമ്മിച്ച ഷെഡ്ഡിലാണ് മൂന്ന് ജീവനക്കാർ ഇരിക്കുന്നത്. കുത്തിവയ്പ്പിനുള്ള മരുന്നുകൾ ഉൾപ്പെടെ സൂക്ഷിക്കുന്നതും അടച്ചുറപ്പില്ലാത്ത ഈ ഷെഡ്ഡിലാണ്. വേനലായതോടെ ചുട്ടുപഴുത്ത ഷീറ്റിനുകീഴിൽ പകൽ മുഴുവൻ കഴിച്ചുകൂട്ടാനാകാതെ വിഷമിക്കുകയാണ് ജീവനക്കാർ.
 അസൗകര്യങ്ങൾ തിരിച്ചടിയാകുന്നു
മുഴക്കുഴ പഞ്ചായത്ത് കഴിഞ്ഞാൽ ജില്ലയിൽ രണ്ട് മൃഗാശുപത്രികളുള്ളത് കരുമാല്ലൂരിലാണ്. കറവപ്പശുക്കൾ മാത്രം തൊള്ളായിരത്തിലേറെയുണ്ടിവിടെ. ആട്, പോത്ത്, കോഴി, കാടക്കോഴി, മത്സ്യം, വളർത്തുമൃഗങ്ങൾ എന്നിവ ഇതിന് പുറമേയുണ്ട്. സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ഷീരകർഷകൻ, സമ്മിശ്ര കർഷകൻ തുടങ്ങിയ നേട്ടങ്ങൾക്ക് പഞ്ചായത്തിലെ കർഷകർ അർഹരായിട്ടുണ്ട്. ഫാമുകളായാണ് പലതും പ്രവർത്തിക്കുന്നത്. കാരുചിറ കൂടാതെ വെളിയത്തുനാട്ടിലാണ് മറ്റൊരു ആശുപത്രിയുള്ളത്. വെറ്ററിനറി സർജൻ, ലൈവ്സ്‌റ്റോക്ക് ഓഫീസർ, അറ്റൻഡർ, പാർട്‌ടൈം സ്വീപ്പർ എന്നിവരുടെ സേവനം ഇവിടെയുമുണ്ട്. കൊവിഡിനുശേഷം മൃഗപരിപാലനം കൂടുതൽ സജീവമായെങ്കിലും അസൗകര്യങ്ങൾ തിരിച്ചടിയാകുന്നുണ്ട്.
ഒന്നര പതിറ്റാണ്ടു മുൻപ് കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിനോടു ചേർന്നുതന്നെ ആശുപത്രിക്കായി കെട്ടിടം നിർമ്മിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മൃഗാശുപത്രി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിൽ ഒഴിവാക്കി. തുടർന്ന് കാലങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്ന ആശുപത്രിയാണ് കാരുചിറയിലെ പൂട്ടിക്കിടക്കുന്ന പട്ടികജാതി വ്യവസായയൂണിറ്റ് കെട്ടിടത്തിലെത്തിയത്. വെളിയത്തുനാട്ടിലെ മൃഗാശുപത്രി സഹകരണബാങ്കിന്റെ കെട്ടിടത്തിലെ ഒറ്റമുറിയിൽ തുച്ഛമായ വാടകയ്ക്കാണ് പ്രവർത്തിച്ചുവരുന്നത്. 2017 മുതൽ വാടകയും നൽകിയിട്ടില്ല. തടിക്കക്കടവിൽ മൃഗാശുപത്രിക്ക് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.