മൂവാറ്റുപുഴ: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മുഴുവൻ കൊടിതോരണങ്ങളും ബോർഡുകളും മൂന്ന് ദിവസത്തിനകം നീക്കംചെയ്യാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, മത-സാമൂഹിക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഭാവിയിൽ അവശ്യഘട്ടങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കോ മറ്റുസംഘടനകൾക്കോ ബോർഡോ കൊടിതോരണങ്ങളോ മറ്റോ സ്ഥാപിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നവ പരിപാടി കഴിയുന്ന അടുത്തദിവസം ബന്ധപ്പെട്ട സംഘടനയുടെ ചെലവിൽ നീക്കംചെയ്യുന്നതിനും തീരുമാനമായി. അനധികൃതമായി ഇത്തരം വസ്തുക്കൾ നഗരത്തിൽ സ്ഥാപിക്കാൻ അനുവദിക്കില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ഇവ നഗരസഭ ഉദ്യോഗസ്ഥർ നീക്കംചെയ്യുകയും ചെയ്യും. മീഡിയനുകളിൽ ബോർഡ് വയ്ക്കരുത്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കുന്ന ബോർഡുകൾ ഉടൻ നീക്കുന്നതിനും യോഗം തീരുമാനിച്ചു.