1

പള്ളുരുത്തി: ശ്രീഭവാനീശ്വരന് ഇന്ന് ആറാട്ട്. രാവിലെ 10ന് ആനയൂട്ട്, 11 ന് പ്രസാദമൂട്ട്, 3 ന് പകൽപ്പൂരം, 6.30ന് ശാലിനി നിമേഷ് പാർട്ടിയുടെ ഭക്തിഗാനമേള, 9 ന് കരിമരുന്ന് പ്രയോഗം, തുടർന്ന് സ്വർണ്ണകുംഭത്തിൽ കാണിക്കയിടൽ, 9 ന് അൻവർ സാദത്ത് നയിക്കുന്ന മെഗാഷോ, 9 ന് ശ്രീഭവാനീശ്വരന് പുഷ്പാഭിഷേകം, പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട്.

തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ.മധു എന്നിവർ ക്ഷേത്രച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രം ഭാരവാഹികളായ എ. കെ. സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും. ചെർപ്പുളശേരി അനന്തപത്മനാഭൻ എന്ന കരിവീരനാണ് പൂരത്തിന് ഭഗവാന്റെ തിടമ്പേറ്റുന്നത്. കൂടാതെ ചെറായി പരമേശ്വരൻ, വരടിയം ജയറാം, പുതുപ്പള്ളി സാധു, മധുരപ്പുറം കണ്ണൻ, ഊട്ടോളി മഹാദേവൻ, കുറുപ്പത്ത് ശിവശങ്കരൻ തുടങ്ങി 9 കരിവീരൻമാർ ഇന്ന് പൂരത്തിന് അണിനിരക്കും. പുലർച്ചെ 4.30 മുതൽ ആറാട്ട് എതിരേൽപ്പ് പറ.തുടർന്ന് കൊടിയിറക്കൽ.ഇതോടെ പതിനൊന്ന് ദിവസമായി നടന്നു വന്ന മഹോത്സവത്തിന് തിരശീല വീഴും.