
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൊബൈൽ ഫോണുകളിലെ വിവരങ്ങളിലൂടെ ആരോപണങ്ങൾ കെട്ടിച്ചമയ്‌ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജിയിൽ, ഫോൺ രേഖകളടക്കമുള്ള നിർണായക തെളിവുകൾ പ്രതികൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് സ്റ്റേറ്റ്‌മെന്റ് നൽകിയിരുന്നു. ഇതിലാണ് ദിലീപ് മറുപടി നൽകിയത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ദിലീപിന്റെ മറുപടി
ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിവരങ്ങൾ മൊബൈലുകളിൽ നിന്ന് വീണ്ടെടുക്കാൻ അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് മുംബയിലെ ലാബിൽ നൽകിയത്. ഡേറ്റ വീണ്ടെടുക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ഫോണുകൾ തിരികെ വാങ്ങാനാണ് ജനുവരി 30ന് അഭിഭാഷകർ പോയത്. തെളിവുകൾ നശിപ്പിക്കാൻ പോയതാണെന്ന തരത്തിൽ ഇതു വളച്ചൊടിച്ചു.
2017 നവംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചു വർഷത്തിലേറെ ഒരേ മൊബൈൽ ഫോൺ സാധാരണ ആരും ഉപയോഗിക്കാറില്ല. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കൃത്യമായി ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ജനുവരി 30ന് 12 വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തെന്നാണ് ആരോപണം. കേസുമായി ബന്ധമില്ലാത്തവരുമായി നടത്തിയ ചാറ്റുകളാണിത്.
മുൻ വാച്ച്മാൻ ദാസനെ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയാണ് തനിക്കും അഭിഭാഷകർക്കുമെതിരെ മൊഴി രേഖപ്പെടുത്തിയത്. ജനുവരി പത്തിന് അഡ്വ. രാമൻപിള്ളയുടെ ഓഫീസിലേക്ക് ദാസനെ കൊണ്ടുവന്നെന്നാണ് മൊഴി. ഈ ദിവസങ്ങളിൽ രാമൻപിള്ള കൊവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്നു.
ബാലചന്ദ്രകുമാർ ഹാജരാക്കുന്ന പെൻഡ്രൈവിന് നിയമപരമായ ആധികാരികതയില്ല. ശബ്ദം റെക്കാർഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത് നിയമപരമായല്ല. കേസന്വേഷിക്കുന്ന എസ്.പിമാരായ സുദർശൻ, സോജൻ എന്നിവർ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലുൾപ്പെട്ടവരാണ്.