
കൊച്ചി: കേരള വനിതാ കമ്മിഷൻ എറണാകുളം വൈ.എം.സി. എ ഹാളിൽ രണ്ട് ദിവസമായി നടത്തിയ സിറ്റിംഗിൽ 71 പരാതികൾ തീർപ്പാക്കി. വിശദമായ റിപ്പോർട്ടിനായി 11 പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് അയച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 119 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കാൻസർ ബാധിതയായ സ്ത്രീയെ ഭർത്താവ് ഉപേക്ഷിക്കുകയും മക്കളെ കാണാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ കുട്ടികളെ കാണാൻ മാതാവിന് അവസരം ഒരുക്കണമെന്ന നിർദ്ദേശത്തോടെ തുടർനടപടികൾക്ക് ജില്ലാശിശുക്ഷേമ സമിതിക്ക് പരാതി കൈമാറി. കുടുംബ വഴക്കുകൾ, അയൽക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ കമ്മിഷന്റെ പരിഗണനയ്ക്കുവന്നു. കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.