
കൊച്ചി: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ കാൻസറിന് കാരണമാകുന്ന മാരക വിഷം കണ്ടെത്തിയതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന സമിതി അംഗം വി.കെ. സുദേവൻ ഉദ്ഘാടനം ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഈ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റം ചെയ്തവർക്കെതിരെ ക്രിമിനൽ ചട്ടം പ്രകാരം കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി. പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുധ ദിലീപ്, ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ. ജെയിംസ്, ജില്ലാ സമിതി അംഗങ്ങളായ ജലജ ആചാര്യ, സജീവ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.