കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കൊല്ലം പരവൂർ നഗരസഭാ പരിധിയിൽ സ്പെഷ്യൽ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരവൂർ ബാർ അസോസിയേഷൻ നൽകിയ നിവേദനം ഒരുമാസത്തിനകം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. പരവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ബി. ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് ആഭ്യന്തര സെക്രട്ടറിക്ക് ഈ നിർദ്ദേശം നൽകിയത്.
വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ കൊല്ലം നഗരസഭാ പരിധിയിൽ സ്പെഷ്യൽ കോടതി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതു സൗകര്യപ്രദമല്ലെന്നും ദുരന്തത്തിൽ പരിക്കേറ്റവരും ശാരീരികമായി ബുദ്ധിമുട്ടുള്ളവരുമായ സാക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് കേസിൽ ഹാജരാകാൻ ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ 111 പേരാണ് മരിച്ചത്. 400 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.