ആലുവ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമം 19,20 തീയതികളിൽ ആലുവ ടൗൺഹാളിൽ നടക്കുമെന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദുമോൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്ഷീരകർഷക പാർലമെന്റ്, ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, എക്സിബിഷൻ, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, പൊതുസമ്മേളനം എന്നിവ നടക്കും. 19ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ക്ഷീരസംഘം ജീവനക്കാർക്കുള്ള പരിശീലന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആലുവ ക്ഷീരസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. 11ന് സാഹചര്യങ്ങൾ സമീപനങ്ങൾ എന്ന വിഷയത്തിൽ ഡോ. ആൻസി ജോസഫ് ക്ളാസെടുക്കും. 1.30ന് ക്ഷീരജീവനക്കാർക്കുള്ള ശില്പശാല റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിക്കും

20ന് രാവിലെ 9.30ന് ക്ഷീരവികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷത വഹിക്കും. 11ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.സി.എഫ്.ആർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മികച്ച ക്ഷീരകർഷകരെ ആദരിക്കും.

ക്ഷീരവികസനവകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ബെറ്റി ജോഷ്വാ, ക്ഷീര വികസന ഓഫീസർ അനു മുരളി, രതീഷ് ബാബു, ടി.പി. ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.